ഓമശ്ശേരിയിൽ കടന്നൽ ആക്രമണം ; മൂന്നു പേർക്ക് പരുക്ക്

Local News

ഓമശ്ശേരിയിൽ കടന്നല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്.ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒങ്ങലോറ നടുവീടൻപാറ മലയിൽ തേങ്ങ വലിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ക്ക് കടന്നല്‍ കുത്തേറ്റത്‌.
പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പറമ്പിലെ തേങ്ങ വലിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളിയായ ഓമശ്ശേരി സ്വദേശി അഹമ്മദ് കുട്ടിക്കാണ് ആദ്യം കുത്തേറ്റത്. തെങ്ങിൽ നിന്നും ഇറങ്ങിയ ഇദ്ദേഹത്തെ കടന്നല്‍ കൂട്ടം പൊതിഞ്ഞനിലയിലായിരുന്നു.നാട്ടുകാരെത്തുമ്പോള്‍ 150 മീറ്ററോളം അപ്പുറത്തുള്ള പാറയിൽ അബോധാവസ്ഥയിലായ നിലയിലായിരുന്നു ഇദ്ദേഹം. കൂടെയുണ്ടായിരുന്ന സ്ഥലമുടമ അബ്ദുള്ളക്കും കുത്തേറ്റു. ഇയാൾ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്.മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സും ഓമശ്ശേരി സ്വദേശികളായ സിവിൽ ഡിഫൻസ് അംഗങ്ങളും ചേര്‍ന്നാണ് അബോധാവസ്ഥയിൽ കിടക്കുന്ന അഹമ്മദ് കുട്ടിയുടെ ചുറ്റും തീയിട്ടും നനഞ്ഞ ചാക്കുകൾകൊണ്ട് തല്ലിയും കടന്നൽ കൂട്ടത്തെ മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ അഹ്മദ് കുട്ടി ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലാണ്. രക്ഷാപ്രവർത്തനത്തിനിടെ തലക്ക് കുത്തേറ്റ ഓമശ്ശേരി സ്വദേശി സിനാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ രക്ഷാപ്രവർത്തനത്തിനെത്തിയ പതിനഞ്ചോളം പേർക്കും കുത്തേറ്റിട്ടുണ്ട്.

error: Content is protected !!