കണ്ണിന് കാഴ്ചയില്ല, അകക്കണ്ണുകൊണ്ട് ആ കുഞ്ഞുങ്ങളുടെ വേദന കണ്ടു; പാട്ടുപാടി സമാഹരിച്ച 20,000 രൂപ കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങൾക്ക് നൽകി സുരേഷ് മാതൃകയായി

മുക്കം: കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും അകക്കണ്ണുകൊണ്ട് മൂന്ന് കുഞ്ഞുങ്ങളുടെ വേദനയും നിസ്സഹായാവസ്ഥയും തിരിച്ചറിഞ്ഞ് ഒരു നാടിന് മുഴുവൻ മാതൃകയായിരിക്കുകയാണ് കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി സ്വദേശി സുരേഷ്.

അപൂർവ്വ രോഗമായ എസ്എംഎ (SMA) ബാധിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി തെരുവുകളിൽ പാട്ടുപാടി സമാഹരിച്ച 20,000ത്തോളം രൂപയാണ് സുരേഷ് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറിയത്.

സ്വന്തം കുടുംബം പോറ്റുന്നതിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും പാട്ടുപാടി ഉപജീവനം നടത്തുന്നയാളാണ് സുരേഷ്. സോഷ്യൽ മീഡിയ വഴിയും മക്കൾ പറഞ്ഞുമാണ് എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ദയനീയ അവസ്ഥ സുരേഷ് അറിയുന്നത്.

കാഴ്ചയുടെ പരിമിതികൾക്കിടയിലും ആ കുഞ്ഞുങ്ങളുടെ കരച്ചിലും ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സുരേഷ്, അവർക്കായി പാട്ടുപാടി പണം സമാഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ എം.ബി നസീറിന്റെ സഹായത്തോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സുരേഷ് പാട്ടുപാടി. ഇതിലൂടെ സമാഹരിച്ച 20,000 രൂപ ചികിത്സാ സഹായ കമ്മിറ്റി ഓഫീസിലെത്തി ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ നാടൊന്നാകെ കൈകോർക്കുന്ന സാഹചര്യത്തിൽ, സ്വന്തം ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും സുരേഷ് നടത്തിയ ഈ കാരുണ്യപ്രവർത്തനം ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!