
മുക്കം മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയ കേസിൽ മുക്കം പൊലീസ് ഇന്ന് താമരശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയതായി തെളിഞ്ഞ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് കേസിലെ ഒന്നാം പ്രതി. ബെംഗലൂരിലേക്ക് കടന്ന വേങ്ങര സ്വദേശി ജമാലുദ്ദീൻ, സുഹൃത്തും മുക്കം സ്വദേശിനിയുമായ സൂര്യ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ആദ്യ അറസ്റ്റുണ്ടായി അൻപതാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
ജൂലൈ രണ്ടിന് രാവിലെയായിരുന്നു സംഭവം. ഓമശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരിയായ വയോധിക മുത്തേരിയിൽ നിന്ന് മുജീബ് റഹ്മാന്റെ ഓട്ടോയിൽ കയറി. മുന്നോട്ട് നീങ്ങിയതിന് പിന്നാലെ വാഹനം കേടായെന്നറിയിച്ച് മുജീബ് പുറത്തിറങ്ങി. വയോധികയുടെ കഴുത്ത് ഞെരിച്ച് ഓട്ടോയുടെ കമ്പിയിൽ തലയിടിപ്പിച്ച് ബോധരഹിതയാക്കി. മുക്കം ഭാഗത്തേക്ക് മുജീബ് ഓട്ടോയുമായി നീങ്ങി. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈയ്യും കാലും കെട്ടി പീഡിപ്പിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം വയോധികയുടെ കൈയ്യിലുണ്ടായിരുന്ന ബാഗും മൊബൈൽ ഫോണും സ്വർണവും കവർന്നു. മൊബൈൽ ഫോൺ കാപ്പു മലയിലെ കുറ്റിക്കാട്ടിലെറിഞ്ഞു. അയ്യായിരം രൂപ കൈക്കലാക്കിയ ശേഷം ബാഗ് മുക്കം പാലത്തിൽ നിന്ന് പുഴയിലേക്കെറിഞ്ഞു. ഓട്ടോറിക്ഷ തൊണ്ടയാട് മേൽപ്പാലത്തിന് അടിയിലൊളിപ്പിച്ചു. ജമാലുദീന്റെ ചേവരമ്പലത്തെ വാടക വീട്ടിലെത്തി സ്വർണം വിൽക്കാൻ ഏൽപ്പിച്ച ശേഷം മുജീബ് മുങ്ങി. സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെ പിന്തുടർന്നുള്ള അന്വേഷണമാണ് മുജീബിനെ കുടുക്കിയത്.
ആക്രമണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ മുജീബ് ചോമ്പാലിൽ നിന്ന് കവർന്നതെന്ന് കണ്ടെത്തി. വ്യാജ നമ്പരും സ്റ്റിക്കറും ജമാലുദ്ദീനാണ് ഓട്ടോയിൽ പതിപ്പിച്ചത്.
ജമാലുദ്ദീനുമായി അടുപ്പമുണ്ടായിരുന്ന സൂര്യ സ്വർണം കൊടുവള്ളിയിലെ ജ്വല്ലറിയിൽ വിറ്റു. മുജീബ് പിടിയിലായതിന് പിന്നാലെ സമാന രീതിയിൽ ആക്രമണം നടത്തിയ അഞ്ച് കേസുകൾ തെളിഞ്ഞു. വയോധികയെ ആക്രമിക്കും മുൻപ് മുജീബ് ഓട്ടോയിടിപ്പിക്കാൻ ശ്രമിച്ച ഷൈമയെന്ന വീട്ടമ്മ നൽകിയ വിവരങ്ങളും അന്വേഷണത്തിന് സഹായമായി.
ബെംഗലൂരിലേക്ക് കടന്ന ജമാലുദ്ദീനെ ഇതുവരെ പിടികൂടാനായില്ല. കേസിൽ 66 സാക്ഷികളുണ്ട്. ഇരുപത്തി അഞ്ച് രേഖകളും അൻപത്തി മൂന്ന് തൊണ്ടിമുതലുകളും അന്വേഷണസംഘം ഹാജരാക്കും. അറുന്നൂറ് പേജുള്ള കുറ്റപത്രം മുക്കം സി.ഐയുടെ നേതൃത്വത്തിലായിരിക്കും താമരശ്ശേരി കോടതിയിൽ ഹാജരാക്കുക.