
Local news
കോവിഡിൻ്റെ രണ്ടാം വ്യാപനം അതിരൂക്ഷമാകവെ നഗരസഭയുടെ നേതൃത്വത്തിൽ മുക്കം സി.എച്ച്.സിയിൽ നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിലും സ്രവ പരിശോധന ക്യാമ്പിലും വൻ ആൾക്കൂട്ടം. കൃത്യമായ ഏകോപനമില്ലാത്തതും നിയന്ത്രിക്കാൻ ആളില്ലാത്തതുമാണ് ക്യാമ്പുകളിലെ ആൾക്കൂട്ടത്തിന് കാരണമെന്ന് ആരോപണമുണ്ട്. മുക്കത്തെ ജനമൈത്രി പോലീസെത്തിയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ അനുഭവപ്പെട്ട തിരക്ക് നിയന്ത്രിച്ചത്.
ടോക്കൺ വിതരണം ചെയ്യാൻ ഒരു കൗണ്ടർ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്.
വാക്സിനേഷനായി എത്തുന്ന ആളുകൾ ടോക്കൺ ലഭിക്കാൻ കൂട്ടംകൂടി നിൽക്കുന്ന അവസ്ഥയാണ്. ടോക്കൺ നേടി കഴിഞ്ഞാൽ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന റൂമിൽ എത്തണമെങ്കിൽ ഗോവണിപ്പടികൾ കയറണം. പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് ആളുകൾ പറയുന്നു.
കുത്തിവെപ്പിന് ശേഷം അര മണിക്കൂർ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. ഇടുങ്ങിയ റൂമിലാണ് വാക്സിൻ എടുത്ത ആളുകൾ അരമണിക്കൂർ നേരം കഴിച്ചുകൂട്ടുന്നത്. ഇതെല്ലാം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ആളുകൾ ആശങ്കപ്പെടുന്നു.
വാക്സിനേഷൻ വേഗത്തിലാക്കാൻ മുക്കം നഗരസഭയുടെ നേതൃത്വത്തിൽ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പത്ത് മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം സി.എച്ച്.സി.യിൽ നടത്തിവരുന്ന സ്രവപരിശോധ ക്യാമ്പുകൾ കൂടാതെ വെള്ളി, ശനി ദിവസങ്ങളിൽ അഞ്ഞൂറു വീതം ആളുകളെ പങ്കെടുപ്പിച്ച് മെഗാ സ്രവപരിശോധന നടത്താനുള്ള നിർദ്ദേശം ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്. വാക്സിനേഷന് ടോക്കന്നെടുക്കാൻ നിൽക്കുന്നതിന് തൊട്ടടുത്താണ് സി.എച്ച്.സി യിലെ ഒ.പി ടിക്കറ്റെടുക്കാൻ രോഗികൾ കാത്തു നിൽക്കുന്നതും. ആൾക്കൂട്ടം പരമാവധി ഒഴിവാക്കാണമെന്ന നിർദ്ദേശം ആവർത്തിക്കുമ്പോഴാണ് സർക്കാർ ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ ഏകോപന കുറവ് മൂലം ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഇതിനിടയിൽ മുക്കം സി.എച്ച്.സി യിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടതിന് തന്നെ അവഹേളിച്ചെന്ന് ആരോപിച്ച് സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ രണ്ടാഴ്ച ലീവിൽ പോയി. മണാശ്ശേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അവധിയിൽ പോയത്.