മുക്കം: മഹല്ല് ഖാസിയുടെ പ്രസംഗം കേട്ട മോഷ്ടാവിനു കുറ്റബോധം തോന്നിയപ്പോൾ വീട്ടമ്മയ്ക്കു തിരിച്ചു കിട്ടിയതു 36 കൊല്ലം മുൻപു കളവുപോയ മാലയുടെ വില. കൊടിയത്തൂർ മഹല്ലിലെ മാട്ടുമുറിക്കൽ ഇയ്യാത്തുവിനാണ് (55) മൂന്നര പതിറ്റാണ്ടു മുൻപു നഷ്ടപ്പെട്ട രണ്ടു പവൻ സ്വർണ മാലയുടെ വില തിരിച്ചു കിട്ടിയത്. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തോടനുബന്ധിച്ചു മഹല്ലു ഖാസി എം.എ.അബ്ദുസ്സലാം നടത്തിയ ഖുത്തുബയാണ് (ഉദ്ബോധനപ്രസംഗം) പഴയ മോഷ്ടാവിന്റെ മനസ്സുമാറ്റിയത്. പ്രായശ്ചിത്തവും തെറ്റും തിരുത്തലും എന്ന വിഷയത്തിലായിരുന്നു പ്രസംഗം. കുറ്റബോധം കൊണ്ടു നീറിയ കഥാനായകൻ അടുത്ത സുഹൃത്തു വഴി ഖാസിയുമായി മോഷണക്കഥ പങ്കുവച്ചു.
ഖാസിയുടെ നിർദേശപ്രകാരം സുഹൃത്തു മുഖേന മാലയുടെ വില ഇയ്യാത്തുവിന്റെ വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു. പട്ടിണിക്കാലത്തു നിവൃത്തികേടു കൊണ്ടു ചെയ്ത മോഷണം പൊറുക്കണമെന്നും അപേക്ഷിച്ചു. സന്തോഷത്തോടെ തുക ഏറ്റുവാങ്ങിയ ഇയ്യാത്തു മോഷ്ടാവിനോടു ക്ഷമിക്കുക മാത്രമല്ല, അദ്ദേഹത്തിനു വേണ്ടി അകമഴിഞ്ഞു പ്രാർഥിക്കുകയും ചെയ്തു. ഇയ്യാത്തുവിന്റെ വിവാഹസമയത്തു മാതാവ് കൂലിവേല ചെയ്തു വാങ്ങിക്കൊടുത്തതായിരുന്നു മാല. ഇയ്യാത്തുവിന്റെ പത്തൊൻപതാം വയസ്സിൽ വീട്ടിൽ നിന്നു മാല കളവു പോകുമ്പോൾ പവന് 1600 രൂപയോളമായിരുന്നു വില. ഇന്നത്തെ വിപണിവിലയനുസരിച്ച് എഴുപത്തിരണ്ടായിരത്തിൽപരം രൂപ കിട്ടണം. അത്രയും കൊടുക്കാൻ ശേഷിയില്ലെങ്കിലും മോശമല്ലാത്തൊരു തുക ഏൽപിച്ചിട്ടുണ്ട്.