രണ്ടു ബോളുകള്‍ കൊണ്ട് ഒരു ഗോള്‍;കോഴിക്കോട്ടെ റോഷന്റെ വൈറല്‍ കിക്ക്

Report: Web Desk

കോഴിക്കോട്:രണ്ടു ബോളുകള്‍ കൊണ്ട് അത്ഭുത പ്രകടനം നടത്തി കാല്‍പ്പന്ത് ആരാധകരുടെ കയ്യടി വാരിക്കൂട്ടിയിരിക്കുകയാണ് കോഴിക്കോട്ടുകാരന്‍ റോഷൻ. പുതിയറ സ്വദേശിയായ റോഷന്‍ ഒറ്റ കിക്കു ആളുകളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടിച്ചുവിട്ട ഒരു ബോളിനെ തറയില്‍വച്ച രണ്ടാമത്തെ ബോള്‍കൊണ്ട് ഗോള്‍വലയിലെത്തിച്ചാണ് റോഷന്‍ താരമായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയായിരുന്നു.

സ്‌കൂളില്‍ അഞ്ചുവര്‍ഷത്തിലേറെയായി ഫുട്‌ബോള്‍ പരിശീലനം നടത്തുന്നുണ്ട് റോഷന്‍. വിദേശതാരം നടത്തിയ പ്രകടനത്തിന്റെ വീഡിയോ യൂടൂബില്‍ കണ്ടാണ് ഫ്രീകിക്ക് പരീക്ഷണത്തിനിറങ്ങിയത്. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ വിജയം കൈവരിക്കുകയായിരുന്നു.അച്ഛന്‍ സന്തോഷ്‌കുമാറിന്റെ ഫുട്‌ബോള്‍ഭ്രമത്തെ പിന്തുടര്‍ന്നാണ് റോഷന്‍ കാല്പന്തിനെ സ്നേഹിച്ചു തുടങ്ങിയത്. കോഴിക്കോട്ടെ നിരവധി ക്ലബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞ അച്ഛനോടൊപ്പം ചെറുപ്രായംമുതല്‍ റോഷനും പന്ത് തട്ടിത്തുടങ്ങിയിരുന്നു. സംസ്ഥാനതല മത്സരങ്ങളില്‍ ഉള്‍പ്പെടെ റോഷൻ പങ്കെടുത്തു.

തൊണ്ടായാട് ചിന്മയ സ്‌കൂള്‍ വിദ്യാര്‍ഥിയായ റോഷന്‍ റൊണാള്‍ഡോയുടെയും മെസിയുടെയും നെയ്മറിന്റെയുമൊക്കെ കടുത്ത ആരാധകനാണ്. പഠനത്തോടൊപ്പം ഫുട്‌ബോളിനെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകാനാണ് റോഷന്റെ തീരുമാനം. റോഷന്റെ മാതാവ് ജോഷിബായി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്.പിതാവ് സ്വർണാഭരണ നിർമാണ മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ഥിയായ ആകാശാണ് സഹോദരന്‍. വീട്ടുകാര്‍ക്കും പരിശീലകര്‍ക്കുമൊപ്പം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരെല്ലാം നല്‍കുന്ന പിന്തുണയാണ് തനിക്കു പ്രോത്സാഹനമെന്നും റോഷന്‍ പറഞ്ഞു.

error: Content is protected !!