
കൊടിയത്തൂർ: സംസ്ഥാന സർക്കാറിൻ്റെ ഫോക് ലോർ അക്കാദമി അവാർഡിന് പ്രശാന്ത് കൊടിയത്തൂർ അർഹനായി. വിദ്യാഭ്യാസ മേഖലയിലും സാമൂഹിക രംഗത്തും പാവനാടകം എന്ന പരമ്പരാഗത കലാ രൂപത്തിലൂടെ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഏഴായിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. കൊവിഡ് കാലത്ത് സമൂഹത്തിന് ദിശാബോധം നൽകുവാനായി പ്രശാന്ത് കൊടിയത്തൂർ ഒരുക്കിയ വ്യത്യസ്ത ശൈലിയിലുള്ള പാവനാടകങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. നിഴൽ നാടക രംഗത്തും പുത്തൻ പരീക്ഷണങ്ങൾ നടത്തി വരികയാണ് ഇദ്ദേഹം. വിക്ടേഴ്സിൽ നൽകി വരുന്ന ഓൺലൈൻ ക്ലാസിലും പ്രശാന്തിന്റെ നിഴൽനാടകം ഇടം നേടിയിട്ടുണ്ട്.
ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ടും സ്കൂൾ അധ്യയനത്തിൽ പുതിയ ബോധനതന്ത്രമെന്ന നിലയിലും പാവനാടകം ഉപയോഗപ്പെടുത്തി വരുന്നുണ്ട്. സ്കൂൾ കുട്ടികളുടെ പാവനാടക സംഘം രൂപീകരിച്ച് കർണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളിലും ഇദ്ദേഹം പാവനാടകം അവതിരിപ്പിച്ചിട്ടുണ്ട്. അരീക്കാട് ഗവ. യു.പി സ്കൂൾ അധ്യാപകനായ പ്രശാന്തിന് 2016ൽ സംസ്ഥാന അധ്യാപക അവാർഡും 2017ൽ ദേശീയ അധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്. ഭാര്യ: ശൈലജ. തെഞ്ചേരി ഗവ. എൽ.പി സ്കൂൾ അധ്യാപികയാണ്. കാർത്തിക് (എം.ബി.ബിഎസ്), നീരജ് (പ്ലസ് ടു) എന്നിവർ മക്കളാണ്.