
മുക്കം: കഴിഞ്ഞ 2 വർഷവും വലിയ രീതിയിലുള്ള പ്രളയമാണ് കേരളത്തിലുണ്ടായത്. ആവശ്യമായ സുരക്ഷ സംവിധാനമില്ലാത്തതിനാൽ രാത്രിയിലും മറ്റും പലരും സുരക്ഷിതമായ സ്ഥലങ്ങളിൽ എത്താനും ഏറെ പ്രയാസപ്പെട്ടു.ഈ സാഹചര്യത്തിലാണ് പ്രളയം ബാധിച്ചില്ലങ്കിലും അത് ദുരിതം വിതച്ചവരുടെ അനുഭവം നേരിട്ടറിഞ്ഞ പന്നിക്കോട് സ്വദേശിയും പ്രവാസിയുമായിരുന്ന ഉച്ചക്കാവിൽ സുനീഷ് സ്വന്തമായി തോണി നിർമാണമെന്ന പദ്ധതി ഏറ്റെടുത്തത്. ചിലവ് കുറഞ്ഞ തോണിയെന്ന ആശയവുമായി എത്തിയതാവട്ടെ 2 പേർക്ക് സഞ്ചരിക്കാവുന്ന തെർമോകോൾ തോണിയിലും . നാലിഞ്ച് കനമുള്ള തെർമോകോളിന് മുകളിൽ പേപ്പർ ഒട്ടിച്ച് ഫൈബർ കൊണ് കവചം തീർത്താണ് തോണി നിർമ്മിച്ചത്. മഴ നനയാതെ മൊബൈൽ ഫോണും മറ്റും സൂക്ഷിക്കാനുള്ള പ്രത്യേത അറയും തോണിയിലുണ്ട്. 22 കിലോഗ്രാം മാത്രം ഭാരമുള്ള തോണിയായതിനാൽ ആർക്കും എവിടേയ്ക്കും എളുപ്പത്തിൽ എടുത്ത് കൊണ്ടുപോകാമെന്ന് സുനീഷ് പറയുന്നു.
പതിനഞ്ച് വർഷത്തിലേറെ വിദേശത്തായിരുന്ന സുനീഷ് കഴിഞ്ഞ പ്രളയകാലത്താണ് നാട്ടിലെത്തിയത്. കുവൈറ്റിൽ ഉരു നിർമാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പ്രളയം ഉൾപ്പെടെയുള്ള ദുരിത കാലത്ത് നാട്ടുകാർക്ക് സഹായകരമായ തരത്തിൽ ചുരുങ്ങിയ ചെലവിൽ എങ്ങനെയൊരു തോണിയുണ്ടാക്കാമെന്ന ചിന്തയാണ് തെർമോകോൾ എന്ന ആശയത്തിലെത്തിയതെന്ന് സുനീഷ് പറഞ്ഞു. ഫൈബർ തോണിക്ക് പതിനായിരക്കണക്കിന് രൂപ ചെലവ് വരുമ്പോൾ ഏഴായിരം രൂപയ്ക്ക് തെർമോക്കോൾ തോണിയൊരുക്കാമെന്നതും ഇതിൻ്റെ പ്രത്യേകതയാണ്. പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനപ്പുറം ചെറിയ രീതിയിൽ മത്സ്യബന്ധനത്തിനും ഈ തോണി ഉപയോഗിക്കാമെന്നും സുനീഷ് പറയുന്നു. നിർമ്മാണം പൂർണ്ണമായില്ലങ്കിലും കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ തോണി നീറ്റിലിറക്കുകയും ചെയ്തു. ആവശ്യക്കാർക്ക് ചെലവു കുറഞ്ഞ രീതിയിൽ തോണി നിർമിച്ച് നൽകാനും സുനീഷ് ഒരുക്കമാണ്