
കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ സമ്പൂര്‍ണ്ണ അടച്ചുപൂട്ടൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിർത്തിവെച്ചു .കോഴിക്കോട് തൂണേരിയിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. 600 പേരിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിലാണ് 43 പേർക്ക് കൂടി കൊവിഡ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്‍റും രണ്ട് അംഗങ്ങളും അടക്കം 53 പേർക്ക് രോഗം സ്ഥിരീകരിച്ചത്. തൂണേരിയിൽ മാത്രം 97 പേർക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ജില്ലയിലാകെ ജാഗ്രതയുണ്ട്. തൂണേരിയിൽ രണ്ട് പേരിൽ നിന്നാണ് മറ്റുള്ളവര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായത്. ഇന്നലെവരെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുള്ള നിരവധിപ്പേര്‍ പ്രദേശത്തുണ്ട്. ജില്ലയിലെ തലക്കുളം അടക്കമുള്ള പ്രദേശങ്ങളിലും കൂടുതൽ കൊവിഡ് രോഗബാധസാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.