ദീർഘദൂര ബസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് റൂട്ടിലെ സിറ്റി ബസുകൾ പണിമുടക്കി

Report: News Desk

മുക്കം: ആർ.ടി.എ.യുടെ തീരുമാനം ലംഘിച്ച് ദീർഘദൂരബസുകൾ സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് റൂട്ടിലെ സിറ്റിബസുകൾ പണിമുടക്കി. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പണിമുടക്കിയത്.

അനധികൃതമായി സർവീസ് നടത്തിയ ദീർഘദൂര ബസുകളെ ചൊവ്വാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, മാനാഞ്ചിറ, അരയിടത്തുപലം തുടങ്ങിയ സ്ഥലങ്ങളിൽ സിറ്റിബസ് ജീവനക്കാർ തടഞ്ഞു. കസബ പോലീസെത്തി ഗതാഗതതടസ്സം സൃഷ്ടിച്ച സിറ്റിബസുകൾ എടുത്തുമാറ്റി. തുടർന്ന് ദീർഘദൂര ബസുകൾ നിയമപ്രകാരം സർവീസ് നടത്തിയശേഷം മാത്രമേ തങ്ങൾ നിരത്തിലിറങ്ങൂവെന്ന തീരുമാനത്തിൽ സിറ്റിബസുകൾ പണിമുടക്കുകയായിരുന്നു. അതേസമയം ഗതാഗതതടസ്സം സൃഷ്ടിച്ച് നിർത്തിയിട്ട സിറ്റിബസ് പോലീസ്‌ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസെടുത്ത് വൈകുന്നേരത്തോടെ ബസ് വിട്ടുകൊടുത്തു.

തുടർന്ന് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ പി.കെ. രാജുവിന്റെ നേതൃത്വത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം സമരം പിൻവലിച്ച് വൈകുന്നേത്തോടെ ബസുകൾ ഓട്ടം തുടങ്ങി. ദീർഘദൂര ബസുകൾ നിലവിലെ ഗതാഗത നിയമപ്രകാരം കൃത്യമായ റൂട്ടിൽ സർവീസ് നടത്തണം, പോലീസിന്റെ നിയന്ത്രണങ്ങൾ ബുധനാഴ്ച മുതൽ കർശനമാക്കും തുടങ്ങിയ തീരുമാനങ്ങൾ അംഗീകരിച്ചാണ് സമരം പിൻവലിച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു.

25 കിലോമീറ്റർ വരെയുള്ള ദൂരത്തിൽ സർവീസ് നടത്തുന്ന ബസുകൾക്ക് മാത്രം മാവൂർറോഡ് പുതിയ സ്റ്റാൻഡ് വഴി പോകാനുള്ള താത്കാലിക അനുമതിയുണ്ട്. ഇതിന്റെ മറവിലാണ് ദീർഘദൂരബസുകളും ഇതേ വഴി ഓടുന്നത്. മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ അരയിടത്ത്പാലത്തുനിന്ന് ഇടത്തുഭാഗത്തേക്ക് തിരിഞ്ഞ് ജയിൽ റോഡ് വഴി പോകണമെന്നാണ് നിലവിലുള്ള ഗതാഗതനിയമം.

എന്നാൽ ഇടത്തോട്ട് തിരിയാതെ അരയിടത്ത്പാലത്തെ ഓവർബ്രിഡ്ജ് കയറി പുതിയ സ്റ്റാൻഡിന് മുന്നിലൂടെ കെഎസ്.ആർ.ടി.സി. വഴി മാനാഞ്ചിറയിലെത്തുന്നു. ആർ.ടി.എ. യുടെ തീരുമാനപ്രകാരം മാവൂർ, നരിക്കുനി, എടവണ്ണപ്പാറ തുടങ്ങിയ 25 കിലോമീറ്ററിൽ കുറവായ റൂട്ടിലോടുന്ന ബസുകൾക്ക് ഇതുവഴി പോകാൻ താത്‌കാലിക അനുമതിയുണ്ട്. എന്നാൽ മുക്കം, അരീക്കോട്, ഓമശ്ശേരി, താമരശ്ശേരി, അടിവാരം ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.

error: Content is protected !!