ഇന്ന് ലോക വനിതാദിനം ; ജില്ലയിൽ ആദ്യമായി വനിത ഹോംഗാർഡ് ഇന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു

Report: Aathira CS

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചരിത്രപരമായ കാൽവെപ്പുമായി അഗ്നി രക്ഷ സേന. ജില്ലയിൽ ആദ്യമായി ഒരു വനിത ഹോംഗാർഡ് മുക്കം അഗ്നിരക്ഷാസേന നിലയത്തിൽ തിങ്കളാഴ്ച ചുമതലയേറ്റു. കിഴക്കോത്ത് സ്വദേശിനിയായ സജിത അനിൽകുമാറാണ് ചുമതലയേറ്റത്. ഇതുവരെ പുരുഷ ഹോംഗാർഡുകളായിരുന്നു അഗ്നിരക്ഷാസേന നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പിയും അഗ്നിരക്ഷാസേന മേധാവിയുമായിരുന്ന ആർ. ശ്രീലേഖ സേനയിൽ വനിത ഹോംഗാർഡുമാരെ നിയമിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാറിന് പ്രൊപ്പോസൽ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അഗ്നിരക്ഷാസേനയിൽ 30 ശതമാനം വനിത സംവരണം ഏർപ്പെടുത്തി.

ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ അഗ്നിരക്ഷാ നിലയങ്ങളിൽ വനിതാ ദിനത്തിൽ വനിത ഹോംഗാർഡുമാരെ നിയമിച്ചത്. കായികക്ഷമത പരിശോധനയും ജില്ലാതല പരിശീലനവും പൂർത്തിയാക്കിയതിന് ശേഷമാണ് വനിത ഹോംഗാർഡുമാർ ചുമതലയേറ്റത്. കോഴിക്കോട് ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങകളിലായി ഏകദേശം 350 ഹോംഗാർഡുമാരാണ് ഉള്ളത്. ഇവരെല്ലാവരും പുരുഷൻമാരാണ്. ആദ്യത്തെ വനിത ഹോംഗാർഡിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് മുക്കം അഗ്നിരക്ഷാ നിലയത്തിൽ ഒരുക്കിയത്.സ്റ്റേഷൻ ഓഫീസർ കെ.പി ജയപ്രകാശ്, റിക്രിയേഷൻ ക്ലബ് സെക്രട്ടറി പയസ് അഗസ്റ്റിൻ, പി.കെ ബാബു, സന്തോഷ് കുമാർ, വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യ വനിതാ ഹോംഗാർഡിനെ സ്വീകരിച്ചു.

error: Content is protected !!