
കോഴിക്കോട്: മിട്ടുപൂച്ചയുടെയും തങ്കു പൂച്ചയുടെയും ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ടു എന്നാണ് സായ് ശ്വേതയുടെ ആരോപണം. എന്നാല്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണം നേരിടുന്ന അഡ‍്വ. ശ്രീജിത് പെരുമന പറഞ്ഞു.
മോശമായ രീതിയില്‍ തന്നെ സമൂഹമദ്ധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു അഡ്വ ശ്രീജിത് പെരുമനയുടെ ഫേസ് ബുക്ക് പോസ്റ്റെന്ന് സായി ശ്വേത പരാതിയില്‍ പറയുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഫേസ്ബുക്കില്‍ എഴുതിയത്. അവഹേളിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്. ഹീനമായി വ്യക്തിഹത്യയായിരുന്നു അഡ‍്വക്കേറ്റ് നടത്തിയത്. ഇതിന്‍റെ ഭാഗമായാണ് പരാതി നല്‍കിയതെന്നും സായിശ്വേത വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അഡ‍്വ. ശ്രീജിത്ത് പെരുമന സായ് ശ്വേതയുമായി ബന്ധപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. പുതുതായി ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയിലേക്ക് സായി ശ്വേതയെ ക്ഷണിച്ചതായി അഡ്വ. ശ്രീജിത് പെരുമന പറയുന്നു. എന്നാല്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പോലും ഉണ്ടാവാത്ത പ്രതികരണമാണ് ടീച്ചറില്‍ നിന്നും അവരുടെ മീഡിയ കമ്പനിയില്‍ നിന്നും തനിക്കുണ്ടായതെന്നും അത് ഫേസ്ബുക്കില്‍ എഴുതുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് പെരുമന പറയുന്നു.