
newsdesk
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ മാർക്ക് ഇലക്ട്രോണിക്സ് ഡിസ്പ്ലേ വഴി സ്ക്രോൾ ചെയ്ത് സ്റ്റേജിൽ കാണിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. വിധികർത്താക്കളായി സാംസ്കാരികവകുപ്പിന്റെ പാനലിലുള്ളവരെയും പരിഗണിക്കണം. ഇവരെ നിശ്ചയിക്കാൻ മാനദണ്ഡം തയ്യാറാക്കണം. ഉപജില്ല മുതൽ സംസ്ഥാനതല മത്സരംവരെ വിധികർത്താക്കളുടെ പേര്, വിദ്യാഭ്യാസയോഗ്യത, മികവ് തുടങ്ങിയവ മത്സരസമയം സ്ക്രീനിൽ പ്രദർശിപ്പിക്കണമെന്നും കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബി. മോഹൻകുമാർ, കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവരടങ്ങിയ ഫുൾബെഞ്ച് ഉത്തരവിട്ടു.
ഉപജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങളുടെ വിധികർത്താക്കളായി യഥാക്രമം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗീകരിച്ചുനൽകുന്ന പാനലിലുള്ളവരെമാത്രം നിയമിക്കണം. ജില്ലാതല മത്സരങ്ങളിൽ നിർബന്ധമായും മറ്റ് ജില്ലകളിലെയും ഉപജില്ലാതലങ്ങളിൽ മറ്റ് ഉപജില്ലകളിലുള്ളവരെയും വിധികർത്താക്കളാക്കണം. മത്സരം തീരുംവരെ വിധികർത്താക്കൾ ഇരിപ്പിടങ്ങളിൽ ഇരുന്നു വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. മത്സരസമയത്ത് വേദികളിൽ പ്രോഗ്രാം കൺവീനർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പേരും മൊബൈൽ നമ്പറും പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മത്സരത്തിന് ക്ലാസ് മുറികളോ മറ്റു സംവിധാനമോ സജ്ജമാക്കണം. പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാന്വൽ പരിഷ്കരിക്കണമെന്നും ഫുൾബെഞ്ച് ഉത്തരവിട്ടു. കലോത്സവത്തിന് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ പണം പിരിക്കരുതെന്നും ഉത്തരവുനൽകി. വേദികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. ഉപജില്ലാതല-ജില്ലാതല മത്സരത്തിന് കുറഞ്ഞത് 10 ദിവസവും ജില്ലാതല-സംസ്ഥാനതല മത്സരത്തിന് 15 ദിവസവും ഇടവേളയുണ്ടാകണം.
അപ്പീൽ കമ്മിറ്റിയുടെ ഉത്തരവ് മത്സരം കഴിഞ്ഞ് മൂന്നുദിവസത്തിനുള്ളിൽ ലഭ്യമാക്കണം. അപ്പീൽ പരിശോധിക്കുമ്പോൾ പങ്കെടുത്ത മത്സരത്തിന്റെ വീഡിയോ കാണിച്ച് തെറ്റുകൾ മനസ്സിലാക്കിക്കൊടുക്കണം. പരാതിക്കാരന്റെ പ്രകടനവും ഒന്നാംസ്ഥാനം ലഭിച്ച കുട്ടിയുടെ പ്രകടനവും വീഡിയോ റെക്കോഡിങ് വഴി താരതമ്യംചെയ്യണം. അപ്പീലിലെ ഉത്തരവിൽ കോടതികളെ സമീപിക്കാൻ ആവശ്യമായ സമയം നൽകണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നുണ്ട്.