
newsdesk
നരിക്കുനി∙ തൊഴിലിനോടുള്ള കൂറും സ്നേഹവും തൊഴിലിടത്തിൽ മാത്രമല്ല വീടിനോടും ചേർത്തുവച്ച് നല്ല മാതൃകയാവുകയാണ് റെയിൽവേയിലെ ഈ ഷണ്ടിങ് മാസ്റ്റർ. വീടിനും മതിലിനും തന്റെ പ്രഫഷന്റെ തീം നൽകിയാണ് മേലെ പാലങ്ങാട് ഒറ്റപ്പിലാക്കൂൽ മുഹമ്മദ് തൊഴിലിനെ ഒപ്പം ചേർക്കുന്നത്. ചുറ്റുമതിലും പരിസരവും പൂർണമായി ട്രെയിൻവൽക്കരിച്ചിരിക്കുകയാണ് മുൻ വോളിബോൾ താരം കൂടിയായ ഈ റെയിൽവേ ഉദ്യോഗസ്ഥൻ.
ഒറ്റനോട്ടത്തിൽ കുതിക്കാൻ തയാറെടുക്കുന്ന ട്രെയിൻ പോലെ തോന്നും, അത്രയേറെ സമാനതകളുണ്ട് ഈ മതിലിലെ ട്രെയിനിന്. വീടിനോടു ചേർന്ന മതിലിന്റെ ഭാഗത്ത് കസേരകളിൽ ഇരുന്നാൽ ട്രെയിനിൽ യാത്ര ചെയ്യുന്ന അതേ ഫീൽ. അതിനാൽ ഇവിടെ ഫോട്ടോ ഷൂട്ടും പതിവാണ്. ട്രെയിനിലെ ഇരിപ്പ് ഈ വീട്ടിൽ എത്തുന്ന എല്ലാവരെയും ആകർഷിക്കുന്നു. ഭംഗിയും തനിമയും ഒട്ടും ചോരാതെ തീവണ്ടി രൂപകൽപന ചെയ്ത് നിർമിച്ചു നൽകിയത് കലാകാരനായി ഷാജി ആരാമ്പ്രം. ചക്രങ്ങളുടെ ഭാഗത്തുള്ള സ്പ്രിങ്ങുകളും പുറമേ കാണുന്ന മറ്റു യന്ത്രഭാഗങ്ങളും സിമന്റിൽ കൃത്യമായി നിർമിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.
വീടിനു മുകളിൽ വോളിബോളിന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ട്. തൊഴിലാളി എന്ന നിലയിൽ അന്നമൂട്ടുന്ന ട്രെയിനിനെ എപ്പോഴും വീടിനു മുൻപിൽ കാണാനുള്ള ആഗ്രഹമാണ് ഈ വേറിട്ട ഈ ആശയത്തിനു കാരണമായത്. 38 വർഷമായി റെയിൽവേയിൽ ഉദ്യോഗസ്ഥനായ മുഹമ്മദ് ഇപ്പോൾ കല്ലായി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഗൃഹപ്രവേശവേളയിൽ തിരക്ക് വീട് കാണാനായിരുന്നില്ല, ഈ ട്രെയിൻ മതിൽ കാണാനായിരുന്നു.