
Report: Web Desk
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. മാസ്‌ക് ഉപയോഗം കര്‍ശനമാക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്യും. പ്രചാരണങ്ങളിലും വോട്ടെടുപ്പ് സമയത്തും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.
രോഗലക്ഷണമുള്ളവര്‍ സ്വയം കോവിഡ് പരിശോധനകള്‍ക്ക് വിധേയരാകുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ വഴി ബോധവല്‍കരണം നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സാഹചര്യങ്ങൾ വിലയിരുത്തി നിര്‍ത്തലാക്കാനും ആവശ്യമെന്നു കണ്ടാൽ വിട്ടുകൊടുക്കാനും തീരുമാനിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്ന എന്‍ഐടി മെഗാ ബോയ്‌സ് ഹോസ്റ്റല്‍ പകരം മറ്റൊരു കേന്ദ്രം കണ്ടെത്തുന്നതുവരെ ചികിത്സാ കേന്ദ്രമായി തുടരും.
ജില്ലയില്‍ കോവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കും. തീരദേശ മേഖലകളെ ഇക്കാര്യത്തില്‍ പ്രത്യേകമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും.
ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും പിഴ ഈടാക്കിയ കേസുകളുടെ എണ്ണവും അവലോകനം ചെയ്തു. ചാര്‍ജ്ജ് ചെയ്ത കേസുകള്‍ ജാഗ്രത പോര്‍ട്ടലില്‍ ചേര്‍ക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ജില്ലാ കലക്ടര്‍ സാംബശിവ റാവു, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.