വീണ്ടും ദുരഭിമാന കൊല; ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ

Report: News Desk

പാലക്കാട്: തേങ്കുറിശ്ശിയിൽ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെത്തന്നെ അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് കൊലപാതകം നേരിട്ടുകണ്ട ദൃക്സാക്ഷി അരുൺ പറഞ്ഞു. അരുണാണ് അനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്നത്. വടിവാളും കമ്പിയും കൊണ്ടാണ് ഭാര്യാപിതാവും അമ്മാവനും അനീഷിനെ ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്നും അരുൺ പറഞ്ഞു.

”കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. സ്പ്ലെൻഡർ ബൈക്കിലാണ് അവർ വന്നത്”, എന്ന് അരുൺ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷ് മൂന്ന് മാസം മുമ്പാണ് ഹരിത എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ അനീഷ് മരിച്ചു.

നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറയുന്നു. മൃതദേഹം പാലക്കാട് ആശുപത്രിയിൽ ആണ്.

error: Content is protected !!