
Web Desk
റാഫേല്‍ കരാറിലെ പുതിയ വഴിത്തിരിവുകളുടെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി പരിഗണിക്കുക നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിരമിച്ച ശേഷം. അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹരജിയാണ് റാഫേലില്‍ സുപ്രീംകോടതിയിലുള്ളത്. നേരത്തെ റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെയാണ് ശര്‍മ്മ ഹരജി സമര്‍പ്പിച്ചത്.2016 ല്‍ റാഫേല്‍ കരാറിനെതിരെ സമര്‍പ്പിച്ച ആദ്യ ഹരജിക്കാരിലൊരാളാണ് ശര്‍മ്മ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫേല്‍ യുദ്ധവിമാന കരാര്‍. ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് റാഫേല്‍ കരാര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഈ കരാര്‍ വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു.