കോഴിക്കോട് ജില്ലയുടെ സമഗ്ര കായിക വികസനം ലക്ഷ്യം; തിരുവമ്പാടി ആസ്ഥാനമായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

Local News

സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ കോഴിക്കോട് ജില്ലയുടെ സമഗ്ര കായിക വളർച്ചയാണ് പുതിയ സംരംഭത്തിൻ്റെ ആദ്യ ലക്ഷ്യം. ഇതിനായി മത്തായി ചാക്കോ മെമ്മോറിയല്‍ മലബാര്‍ സ്പോര്‍ട്സ്  ഡെവലപ്പ്മെന്‍റ് ആന്‍റ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. സഹകരണ മേഖലയും തദ്ദേശ സ്ഥാപനങ്ങളും കായിക രംഗത്തെ സർക്കാർ സംവിധാനങ്ങളും വിവിധ ഏജൻസികളും ചേർന്ന് പ്രവർത്തിക്കും. മൂലധനം സ്വരൂപിക്കാനായി ആയിരം രൂപയുടെ ഓഹരികൾ ഇറക്കി. 25 കോടി രൂപ പ്രാരംഭ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൂള്‍ തലം മുതല്‍ കുട്ടികളെ കണ്ടെത്തിയുള്ള പരിശീലനമാണ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് തിരുവമ്പാടി എം എൽ എ ലിന്‍റോ ജോസഫ് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. കളിസ്ഥലം , താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി പുല്ലൂരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്കായി കണ്ടെത്തിയ സ്ഥലമാണ് ഉപയോഗിക്കുക.  കായിക താരങ്ങള്‍ക്ക് പുറമെ പരിശീലകര്‍ക്കും പരിശീലനം നൽകും. ലിന്‍റോ ജോസഫ്, മുന്‍ തിരുവമ്പാടി എം.എല്‍.എ ജോർജ് എം തോമസ് എന്നിവരുൾപ്പെട്ട13 അംഗ പ്രമോട്ടിങ്ങ് കമ്മിറ്റിയാണ് സ്പോര്‍ട്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

error: Content is protected !!