
Report: Web Desk
ആകാശവാണി കോഴിക്കോട് നിലയം അടച്ചുപൂട്ടണം.ആകാശവാണി കോഴിക്കോട് നിലയം പൂട്ടാനുള്ള നടപടിയുമായി പ്രസാർഭാരതി. മീഡിയം വേവിൽ പ്രവർത്തിക്കുന്ന നിലയങ്ങൾ പൂട്ടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് എ.എം നിലയത്തിനും ഭീഷണി ഉയർന്നത്. 70 വർഷത്തിലധികം പഴക്കമുള്ള സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നിലയത്തിലെ ട്രാൻസ്മിറ്ററിന്റെ വാൽവുകളുടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. മാറ്റിവെക്കാനുള്ള വാൽവുകൾ കിട്ടാനില്ലാത്തതിനാലും കൂടുതൽ ഊർജം ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ബില്ലും കൂടുതലാവുന്നതുമാണ് അടച്ചുപൂട്ടുന്നതിനുള്ള പ്രധാന കാരണം.
എന്നാൽ ജനപ്രതിനിധികളടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് ഉത്തരവ് പിൻവലിച്ചു. കോഴിക്കോട്ടെ നിലയം പൂട്ടുമ്പോൾ ബദൽ സംവിധാനമില്ലാത്തതാണ് റേഡിയോ ശ്രോതാക്കളെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നത്. ഡിജിറ്റൽ പ്രക്ഷേപണത്തിലേക്ക് മാറണമെന്നാണ് ശ്രോതാക്കളുടെ ആവശ്യം. ഡിജിറ്റൽ റേഡിയോ മോൺഡിയൽ (ഡി.ആർ.എം.) സംവിധാനമൊരുക്കി നിലയത്തെ സംരക്ഷിക്കണം. അല്ലെങ്കിൽ എഫ്.എം. ട്രാൻസ്മിറ്ററുകളിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യ നടപ്പായാൽ പരിപാടികളുടെ കേൾവി സുഖം വർധിക്കുമെന്ന് ജീവനക്കാർ പറഞ്ഞു.
അടച്ചു പൂട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കോഴിക്കോട് നിലയത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. സ്റ്റേഷൻ ഡയറക്ടറുടെ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല. ഒരു അസിസ്റ്റന്റ് ഡയറക്ടറും അഞ്ച് പ്രോഗ്രാം എക്സിക്യുട്ടീവുമാരും രണ്ട് ട്രാൻസ്മിഷൻ എകസിക്യുട്ടീവുമാണുള്ളത്. താത്കാലിക പാനലിൽ നിന്നുള്ളവരുടെ സഹായത്തോടെയാണ് പല പരിപാടികളും പ്രക്ഷേപണം ചെയ്യുന്നത്. അതേസമയം എൻജിനിയറിങ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരുണ്ട്. അടച്ചുപൂട്ടാനുള്ള ഉത്തരവ് പെട്ടെന്ന് വന്നേക്കുമോയെന്ന ഭയത്തിലാണ് ശ്രേതാക്കളും ജീവനക്കാരും.