കോവിഡ് ചികിത്സ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും മികച്ച പങ്കെന്ന് കെ.ജി.എം.ഒ.എ .മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതം

മുക്കം: കോവിഡ് 19 പോസിറ്റീവ് കേസുകൾ മുഴുവൻ മെഡിക്കൽ കോളേജിലാണ് ചികിത്സിക്കുന്നതെന്നും ഇവിടെ മറ്റ് ചികിത്സക്കായി വരുന്ന രോഗികളെ ചികിത്സിക്കുന്നില്ലന്നുമുള്ള  പ്രചരണങ്ങൾക്കെതിരെ കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ല കമ്മറ്റി രംഗത്ത്. ഇത്തരം പ്രചരണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് കെ.ജി.എം.ഒ.എ ജില്ല പ്രസി. സി.കെ. ഷാജി പറഞ്ഞു. കൊവിഡ് പടരുന്നതിൽ നിന്ന് സംസ്ഥാനത്തെ തടഞ്ഞു നിർത്തുന്നതിൽ വലിയ പങ്കാണ് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഹിക്കുന്നത്. എന്നാൽ പലപ്പോഴും ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയുന്നില്ല. കൊവിഡ് സംശയിക്കുന്നവരുടെ സ്രവ പരിശോധനയും രോഗചികിത്സയും നടക്കുന്നത് താലൂക്ക്, ജില്ലാതല ആശുപത്രികളിലാണെങ്കിലും സാമൂഹിക വ്യാപനത്തിന് തടയിടുന്ന വിധം രോഗം സംശയിക്കുന്നവരുടെ വിവരശേഖരണവും വിശകലനവും ഗൃഹ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നത് പ്രാഥമിക തലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിലാണ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇവിടങ്ങളിലെ ഡോക്ടർമാർ നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. സമ്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, അവരിൽ രോഗലക്ഷണങ്ങൾ വന്നാൽ അത് കണ്ടെത്തി പരിശോധനക്ക് അയക്കുക, അതിനായി വാഹന സൗകര്യം ഏർപ്പെടുത്തുക, സ്രവ പരിശോധന ക്യാംപുകൾ ഏകോപിപ്പിക്കുക, ദിവസേന സ്ഥാപനത്തിൽ അവലോകന യോഗങ്ങൾ നടത്തുക, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുക, ഫീൽഡ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക, അതിഥി തൊഴിലാളികളുടെ ആവാസ കേന്ദ്രം സന്ദർശിക്കുകയും അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്യുക, പഞ്ചായത്ത് തല ആർ.ആർ.ടി മീറ്റിങ്ങുകൾ, ഗർഭിണികൾക്കും ശിശുക്കൾക്കും പ്രത്യേക പരിചരണം, കൊവിഡ് പരിപാലന കേന്ദ്രങ്ങളുടെ മേൽനോട്ടം, മൂന്ന് ദിവസം ഇടവിട്ട് ബ്ലോക്ക് തല മീറ്റിങ്ങുകൾ, ദിവസേനയുള്ള ജില്ലാതല സൂം മീറ്റിങ്ങുകൾ, ജനപ്രതിനിധികളുമായി മീറ്റിങ്, നിരീക്ഷണത്തിനുള്ള വ്യക്തികളുടെ പ്രശ്നപരിഹാരം, പ്രതിദിന റിപ്പോർട്ടുകളുടെ പരിശോധന, മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും മറ്റു ആവശ്യ സംവിധാനങ്ങളും സജീകരിക്കൽ, പൊതുസ്ഥലങ്ങളിലും സാമൂഹിക ചടങ്ങുകളിലും തിരക്ക് നിയന്ത്രിക്കാനായി പൊലിസ് അടക്കമുള്ള ഇതര വകുപ്പുകളുമായുള്ള ഏകോപനം, പ്രായമായവരുടെ നിരീക്ഷണം, വിവിധ ഫണ്ടുകളുടെ വിനിയോഗം, പരിശീലന പരിപാടികളിൽ പങ്കെടുക്കൽ, മാർഗ രേഖകളിൽ വരുത്തുന്ന പരിഷ്കാരങ്ങൾ മനസിലാക്കി നടപ്പിലാക്കൽ തുടങ്ങിയവയൊക്കെ ഇവരുടെ ഉത്തരവാദിത്വമാണ്. ഒ.പി നടത്തുന്നതും എൻ.സി.ഡി, പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ മേൽനോട്ടം, സാംക്രമിക രോഗ നിയന്ത്രണം തുടങ്ങിയ പതിവ് ജോലികൾക്ക് പുറമെയാണ് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇത് ചെയ്യുന്നത്. കൊവിഡ് രോഗികളുടെ മുഴുവൻ ചികിത്സയും പരിചരണവും മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നതെന്നത് ശരിയല്ലെന്ന് കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻ്റ് ഡോ. സി.കെ ഷാജി പറയുന്നു.

error: Content is protected !!