സുശാന്തിന്റെ മരണത്തിനു പിന്നിൽ മൂവർ സംഘം

മുംബൈ ∙ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് സുനിൽ ശുക്ല. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, സംവിധായകൻ മഹേഷ് ഭട്ട് എന്നിവർക്ക് കൃത്യമായ പങ്കുണ്ടെന്ന് സുനിൽ ശുക്ല ആരോപിച്ചു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മഹേഷ് ഭട്ട്, ഇന്ദ്രജിത്ത് ചക്രവർത്തി എന്നിവരാണ് മുഖ്യ കണ്ണികൾ. ഇന്ദ്രജിത്ത് ചക്രവർത്തി നൽകിയിരുന്ന മരുന്നുകളാണ് റിയ വിഷാദരോഗത്തിനുള്ള ചികിത്സയെന്ന രീതിയിൽ സുശാന്തിന് നൽകിയിരുന്നത്. റിയ സുശാന്തിനെ വിട്ടുപോന്നിട്ടും സുശാന്ത് ഈ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു.

നടന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാർഥ് പിഥാനി, പാചകക്കാരൻ നീരജ് സിങ്, മാനേജർ ദീപേഷ് സാവന്ത് തുടങ്ങിയവരാണ് സുശാന്തിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത്. അദ്ദേഹത്തോടോപ്പം താമസിച്ചിരുന്നവരിൽ ആരോ ബോധപൂർവ്വം ഈ മരുന്നുകൾ അദ്ദേഹത്തിനു തുടർന്നും നൽകിയിട്ടുണ്ടാകാം– സുനിൽ ശുക്ല ആരോപിച്ചു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുനിൽ ശുക്ലയുടെ വെളിപ്പെടുത്തൽ. ‘ഷുഗർ ഡാഡി’യെന്നാണ് സുനിൽ പരിഹാസ പൂർ‌വ്വം മഹേഷ് ഭട്ടിനെ അഭിസംബോധന ചെയ്തത്.

സുശാന്തിന് വിഷാദരോഗമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. ഞങ്ങൾ ജിമ്മിൽ നിത്യവും കണ്ടുമുട്ടുമായിരുന്നു. സുശാന്തിനൊപ്പം അവസാനം വരെ ഒപ്പമുണ്ടായവർ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും സിദ്ധാർഥ് പിഥാനി, നീരജ് സിങ്, ദീപേഷ് സാവന്ത് എന്നിവരെ ഉന്നമിട്ട് സുനിൽ ശുക്ല പറഞ്ഞു. സുശാന്തിന്റെ ദുരൂഹ മരണത്തിൽ റിയ ചക്രവർത്തിക്കുള്ള പങ്ക് സിബിഎയ്ക്ക് ഇതിനകം തന്നെ വ്യക്തമായതായും സുനിൽ പറഞ്ഞു. റിയയെ ചോദ്യം ചെയ്യാനായി ഉടൻ വിളിപ്പിക്കുമെന്നും സുനിൽ പറഞ്ഞു.

അതേസമയം സുശാന്ത് സിങ് കേസിൽ അന്വേഷണം ഊർജിതമാക്കിയ സിബിഐ റിയ ചക്രവർത്തിയെ വൈകാതെ ചോദ്യം ചെയ്യും. നടന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാർഥ് പിഥാനി, പാചകക്കാരൻ നീരജ് സിങ് എന്നിവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ബാന്ദ്രയിലെ വസതിയിൽ ഉണ്ടായിരുന്നവരാണ് ഇവർ. മൃതദേഹം ആദ്യം കണ്ടത് സിദ്ധാർഥ് പിഥാനിയാണ്.

സിദ്ധാർഥിനെയും നീരജിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിലെ പൊരുത്തക്കേടുകളുടെ പശ്ചാത്തലത്തിൽ ഇന്നലെ ഇവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. നീരജിനെ തുടർച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. തുടർന്ന് ഇരുവരെയും സുശാന്തിന്റെ ഫ്ലാറ്റിലെത്തിച്ചും അന്വേഷണം നടത്തി. മരണത്തലേന്നു മുതലുളള സംഭവങ്ങൾ പുനരാവിഷ്കരിച്ചു പരിശോധിക്കാനാണ് സിബിഐ ശ്രമം.

സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുൻ അഡീഷനൽ സോളിസിറ്റർ ജനറലുമായ വികാസ് സിങ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. എഫ്ഐആർ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാർഥ് പിഥാനി കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പട്നയിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ അദ്ദേഹം റിയ ചക്രവർത്തിയെ സഹായിക്കാൻ തുടങ്ങിയതായും വികാസ് സിങ് ആരോപിച്ചിരുന്നു.

error: Content is protected !!