കേരളത്തിലെ തിയറ്ററുകള്‍ തുറന്ന് പ്രവർത്തിക്കുമോ; നിര്‍ണ്ണായക യോഗം ഇന്ന്

കേരളത്തിലെ തിയറ്ററുകള്‍ തുറന്ന് പ്രവർത്തിക്കുന്നതിലെ നിര്‍ണ്ണായക യോഗം ഇന്ന്.തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ വെച്ച് ചേരും. ഒക്ടോബര്‍ 15 മുതല്‍ പകുതി ആളുകളുമായി തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാതെ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന നിലപാടിലാണ് ഉടമകള്‍. വിനോദ നികുതി ഒഴിവാക്കുകയും വേണം എന്നാവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഇന്നത്തെ യോഗം വിളിച്ച് ചേർക്കുന്നത് .

അണ്‍ലോക്ക് 5.0-യില്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രാജ്യത്തെ മള്‍ട്ടിപ്ലെക്സുകളുടെ സംഘടനയായ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന നിര്‍ദേശത്തെ മാനിക്കുന്നുവെന്നും സിനിമാപ്രേമികളും സിനിമാപ്രദര്‍ശനശാലകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും മുഴുവന്‍ ചലച്ചിത്രമേഖലയും ഈ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അസോസിയേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാൽ ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബറും. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം.

error: Content is protected !!