
Web Desk
എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേവലം വാഗ്ദാനങ്ങളല്ലെന്നും അത് നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കാനായെന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.
പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രകണ്ട് നടപ്പായെന്ന് ജനങ്ങള്‍ക്ക് മനസിലാവുന്ന തരത്തില്‍ ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. നാല് വര്‍ഷം തുടര്‍ച്ചയായി അത് ചെയ്തു. ഇത് അഞ്ചാമത്തെ വര്‍ഷമാണ്.നാല് വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ഇതുവരെ എത്തി നില്‍ക്കുന്നത് 600ല്‍ 570 എണ്ണമാണ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
ഓഖി, നിപ പ്രളയം, കാലവര്‍ഷക്കെടുതി, തുടരുന്ന കൊവിഡ് മഹാമാരി, ഇതിനൊന്നും ഇടവേള ഉണ്ടായിട്ടില്ല. ഇതിനെ നേരിടാനും അതിജീവിക്കാനും നടക്കേണ്ട വികസന കാര്യങ്ങള്‍ നടപ്പാക്കാനും സര്‍ക്കാരിന് സാധിച്ചു. ദുരന്തത്തിന്റെ ഭാഗങ്ങള്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് ഒരു സര്‍ക്കാരിന് ആകാവുന്നതിന്റെ പരമാവധി ചെയ്തുകൊണ്ട് ജനക്ഷേമപരമായ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഓരാ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെയല്ല, പകരം ജനങ്ങള്‍ അവരുടെ അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്ക്കാന് ഒരുങ്ങുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസോ യു.ഡി.എഫോ എന്തെങ്കിലും എതിര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.