
newsdesk
കോഴിക്കോട്: ഓണത്തിന് ഇത്തവണ പായസത്തിന് ഇത്തിരി മധുരം കുറയും. പഞ്ചസാര വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 52 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോള്‍ 62 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. കരിമ്പിന്റെ ഉല്‍പ്പാദനത്തിലുണ്ടായ കുറവും ഇതിന്റെ വലിയൊരു ഭാഗം എഥനോള്‍ ഉല്‍പ്പാദനത്തിനായി വകയിരുത്തിയതുമാണ് വിലക്കയറ്റത്തിന് വഴിവെച്ചത്. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് ഇത്രയേറെ വര്‍ധനവുണ്ടായിരിക്കുന്നത്.
രാജ്യത്ത് പ്രതിമാസം 24 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് വിപണിയില്‍ ആവശ്യമുള്ളത്. നടപ്പു സീസണില്‍ 342 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് 308 ലക്ഷം മെട്രിക് ടണ്ണിലേക്ക് ചുരുങ്ങി. ഇതില്‍ 28 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര എഥനോള്‍ നിര്‍മ്മാണത്തിനായി മാറ്റിവെച്ചതോടെ ആഭ്യന്തര വിപണിയിലേക്കുള്ള ലഭ്യത 280 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു.
നേരത്തെ വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചിരുന്നു. എങ്കിലും അതിനുമുമ്പ് തന്നെ എട്ട് ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 30 വരെ വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഉത്സവകാലം വരാനിരിക്കെ, പഞ്ചസാരയുടെ ആവശ്യം ഇനിയും വര്‍ധിക്കുമെന്നതിനാല്‍ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.