വിദ്യാർത്ഥികളുടെ ബസ് കൺസെഷനും ഇനി ഓൺലൈൻ വഴി; എം.വി.ഡി ലീഡ്‌സ് ആപ്പിലൂടെ പുതിയ സംവിധാനം

കോഴിക്കോട്: സ്വകാര്യബസ്സുകളിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ ഓൺലൈൻ വഴിയാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് എന്ന മൊബൈൽ ആപ്പ് വഴിയാണ് പുതിയ സംവിധാനം. കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. നിലവില്‍ ഉപയോഗിക്കുന്ന പേപ്പര്‍ കണ്‍സെഷന്‍ കാര്‍ഡിന് പകരമായാണ് ഡിജിറ്റല്‍ കാര്‍ഡ് എത്തുന്നത്.

സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, സ്വകാര്യ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സർക്കാർ അംഗീകൃത വിദ്യാലയങ്ങൾ, ബസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ആപ്പിൽ രജിസ്റ്റർ ചെയ്യണം. സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്ക് മാത്രമേ കൺസെഷന് ശുപാർശ ചെയ്യാൻ കഴിയുകയുള്ളൂ.

യാത്രചെയ്യേണ്ട റൂട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകും.വിദ്യാലയ അധികൃതരുടെ ശുപാർശ പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളാണ് കൺസെഷൻ അനുവദിക്കുക.

കൺസെഷൻ അനുവദിച്ചാൽ ക്യൂആർ കോഡുള്ള ഒരു കൺസെഷൻ കാർഡ് ഓൺലൈനായി ലഭിക്കും. ഇതിന്റെ പ്രിൻ്റ് എടുത്ത് ഉപയോഗിക്കാം. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലെ ക്യൂആർ കോഡ് നേരിട്ട് കണ്ടക്ടറെ കാണിക്കാം. കണ്ടക്ടറുടെ മൊബൈൽ ഫോണിൽ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഏത് റൂട്ടിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് വ്യക്തമാകും.

പുതിയ സംവിധാനം വഴി സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദമായ വിവരങ്ങൾ സർക്കാരിന് ലഭ്യമാകും. പഠനാവശ്യത്തിന് മാത്രമായി വിദ്യാർഥികളുടെ യാത്ര നിയന്ത്രിക്കാൻ കഴിയുമെന്നതും കൺസെഷൻ സംബന്ധിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കാം എന്നതും ഇതിന്റെ മേന്മയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!