എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമിയിൽ സാധ്യതാ പഠനം നടത്തണം; കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി ∙ കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന കോഴിക്കോട് കിനാലൂരിലെ സ്ഥലത്തിന്റെ സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാരിനു ഹൈക്കോടതി നിർദേശം. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവരുമായി ഏകോപനം നടത്തി സാധ്യതാ പഠനം നടത്താനാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം നിർദേശിച്ചത്.

കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം മേയിൽ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനി കേന്ദ്ര സർക്കാരാണ് തീരുമാനം അറിയിക്കേണ്ടത് എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഈ മാസം 25നകം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുടെ മറുപടി സത്യവാങ്മൂലം നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

എയിംസ് സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം പാലിക്കുന്നതാണോ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന സ്ഥലം എന്നത് അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തുടർന്നാണ് സാധ്യതാ പഠനത്തിനു കേന്ദ്രത്തിനു കോടതി നിർദേശം നൽകിയത്. ഹർജി ഈ മാസം 25ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് എയിംസ് അനുവദിച്ചില്ല തുടങ്ങിയ രാഷ്ട്രീയ വിവാദം നിലനിൽക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം ഉണ്ടായിരിക്കുന്നത്. എയിംസ് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയും തർക്കം ഉടലെടുത്തിരുന്നു.

error: Content is protected !!