കേരളത്തിലെ മുസ്‌ലിംകൾ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ല: കാന്തപുരം

കോഴിക്കോട് ∙ സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏത് സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ പഠനം പൂർത്തിയാക്കിയ 548 മതപണ്ഡിതർക്കും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകൾക്കും ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദധാരികൾ. സനദ് ദാന പൊതുസമ്മേളനം യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പണ്ഡിതനുമായ സയ്യിദ് അലി അൽ ഹാശിമി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി .അബൂബക്കർ മുസ്‌ല്യാർ ഖത്മുൽ ബുഖാരിക്കും സനദ്‌ദാന പ്രഭാഷണത്തിനും നേതൃത്വം നൽകി.

കേരളപ്പിറവി മുതൽ നാളിതുവരെ സംസ്ഥാന ചരിത്രത്തിൽ മുസ്‌ലിം സമൂഹം സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടും ഇല്ല. ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മിഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്‌ലിം സമൂഹത്തിനുണ്ട്. – കാന്തപുരം പറഞ്ഞു.

error: Content is protected !!