
newsdesk
കോഴിക്കോട്: വർഷത്തിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ നിയമ ഭേദഗതി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനോ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിനോ ആയിരിക്കും ലൈസൻസ് റദ്ദാക്കാനുള്ള അധികാരം. നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലാകും.
സ്ഥിരം നിയമലംഘകരായ ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് അസാധുവാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി റോഡ് ഗതാഗത മന്ത്രാലയം മോട്ടോർ വെഹിക്കിൾ നിയമം ഭേദഗതി ചെയ്തു. അഞ്ചു തവണയിൽ കൂടുതൽ നിയമലംഘനം നടത്തിയ വ്യക്തിയെ കേട്ടതിന് ശേഷം മാത്രമെ നടപടിയെടുക്കാൻ പാടുള്ളൂ. മുൻ വർഷങ്ങളിലെ നിയമലംഘനങ്ങൾ നടപടിക്ക് പരിഗണിക്കരുതെന്നും നോട്ടിഫിക്കേഷനിലുണ്ട്. വാഹനമോഷണം, യാത്രക്കാരെ ആക്രമിക്കൽ, യാത്രക്കാരെ തട്ടിക്കൊണ്ടുപോകൽ, അനുവദനീയമായ വേഗപരിധിക്കപ്പുറം വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ അടക്കമുള്ള കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കാം.
പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതും അപകടമുണ്ടാക്കുന്നതും കണക്കിലെടുത്താണ് ഈ വ്യവസ്ഥകൾ. ഇനി മുതൽ ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽട്ടില്ലാതെ വാഹനം ഓടിക്കൽ, സിഗ്നൽ വെട്ടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരുടെയും ലൈസൻസ് പോകും. നിലവിൽ ലൈസൻസ് റദ്ദാക്കാൻ അനുമതി നൽകുന്ന 24 വ്യവസ്ഥകൾ നിയമത്തിലുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾക്ക് ചലാൻ നൽകുന്നതിനുള്ള നടപടിക്രമങ്ങളും ഗതാഗത മന്ത്രാലയത്തിൻറെ നോട്ടിഫിക്കേഷനിലുണ്ട്. യുണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനോ സംസ്ഥാന സർക്കാർ അനുമതി നൽകിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ ചലാൻ അനുവദിക്കാം. നിയമലംഘനം നടത്തിയവർ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ ചലാനെ എതിർക്കുകയോ ചെയ്യണം. സമയപരിധിക്കുള്ളിൽ എതിർക്കാത്ത പക്ഷം കുറ്റം സമ്മതിച്ചതായി കണക്കാക്കും. അത്തരമൊരു സാഹചര്യത്തിൽ അടുത്ത 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ചലാനെതിരെ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരി 30 ദിവസത്തിനുള്ളിൽ അത് പരിഹരിക്കണം. സമയപരിധി പാലിക്കുന്നില്ലെങ്കിൽ ചലാൻ റദ്ദാക്കപ്പെടും.