വിജയ്ക്ക് ഇടുക്കി ജില്ല നിർണായകം; ടിവികെ മുന്നണിയിൽ കോൺഗ്രസ് ചേരുമെന്ന് അഭ്യൂഹം: അതിർത്തി മണ്ഡലങ്ങളിൽ ചർച്ച

രാജകുമാരി : ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിൽ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങി. ജില്ലയിൽ കോൺഗ്രസും സിപിഎമ്മും വിരുദ്ധ ചേരിയിലാണെങ്കിലും അതിർത്തി കടന്നാൽ ഇരു പാർട്ടികളും ഡിഎംകെ മുന്നണിയിലാണ്. എന്നാൽ, ഇത്തവണ കോൺഗ്രസ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയെങ്കിൽ അത് കേരളത്തിലെ ചില മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തിയേക്കും.

തേനി ജില്ലയിലുൾപ്പെടുന്ന ബോഡിനായ്ക്കന്നൂർ, കമ്പം നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയുമായി അതിർത്തി പങ്കിടുന്നത്. തേനി ജില്ലയിലെ 4 മണ്ഡലങ്ങളിൽ മൂന്നിലും ഡിഎംകെ മുന്നണിയുടെ സിറ്റിങ് എംഎൽഎമാരാണുള്ളത്. ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ എഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർസെൽവമാണ് എംഎൽഎ. എഡിഎംകെ ഔദ്യോഗിക നേതൃത്വവുമായി അകൽച്ചയിലുള്ള പനീർസെൽവത്തിന് ഇത്തവണ സീറ്റ് ലഭിക്കാൻ സാധ്യതയില്ല. അദ്ദേഹം ബിജെപിയുമായി സഹകരിച്ച് ബോഡിനായ്ക്കന്നൂരിൽ വീണ്ടും മത്സരിച്ചേക്കും.

കോൺഗ്രസ് സ്ഥാനാർഥികൾ സ്ഥിരമായി മത്സരിച്ചിരുന്ന ബോഡിനായ്ക്കന്നൂർ മണ്ഡലം കഴിഞ്ഞ തവണ ഡിഎംകെ ഏറ്റെടുത്തിരുന്നു. ഇൗ സീറ്റ് തിരികെ വേണമെന്ന് കോൺഗ്രസ് ഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പത്ത് ഡിഎംകെയുടെ എൻ.രാമകൃഷ്ണനാണ് സിറ്റിങ് എംഎൽഎ. തേനി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും ഡിഎംകെക്കാണ് നിലവിൽ മുൻഗണനയെങ്കിലും ടിവികെ സഖ്യത്തിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെത്തിയാൽ ഫലം മാറി മറിയും.


അതേസമയം സിപിഎമ്മും സിപിഐയും ഡിഎംകെ മുന്നണി വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം മുൻപ് വരെ 4 സീറ്റുകളിലും വിജയിച്ചിരുന്ന എഡിഎംകെ തകർന്നടിഞ്ഞതും ഡിഎംകെയുടെ സാധ്യത വർധിപ്പിക്കുന്നു.

error: Content is protected !!