അരീക്കോട് ,മകന്റെ കൺമുന്നിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

അരീക്കോട് ∙ പോക്സോ അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് ഭാര്യയെ മകന്റെ മുൻപിലിട്ടു വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ സ്വയം വെട്ടി പരുക്കേൽപിച്ച യുവാവിനെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊർങ്ങാട്ടിരി വെറ്റിലപ്പാറ കളത്തിങ്ങൽ ശശിയുടെയും തങ്കയുടെയും മകൾ രേഖയെ (38) ആണു ഭർത്താവ് വിപിൻദാസ് കൊലപ്പെടുത്തിയത്. പിന്നാലെ ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെ വടശ്ശേരിയിലാണു സംഭവം. കഴിഞ്ഞ ജൂൺ 18ന് പോക്സോ കേസിൽ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത വിപിൻദാസ് റിമാൻഡിലായിരുന്നു. 40 ദിവസത്തിനു ശേഷം പുറത്തിറങ്ങി. തുടർന്ന് കേസുകളുള്ളതിനാൽ നാട്ടിലേക്കു പോകാൻ പ്രയാസമായതോടെ ഏതാനും ആഴ്ചകൾക്കു മുൻപ് ഇയാൾ വടശ്ശേരിയിലെ വാടകവീട്ടിൽ താമസം തുടങ്ങി. വിപിൻദാസ് തനിച്ചാണു വീട്ടിൽ താമസിച്ചിരുന്നത്.

ഭാര്യ രേഖ ഇടയ്ക്കു കാണാൻ വരുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണു രേഖ ഇവിടെയെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വിപിൻദാസ് ടാപ്പിങ് തൊഴിലാളിയാണ്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. രേഖയുടെയും മകന്റെയും നിലവിളി കേട്ടു പരിസരവാസികളെത്തുമ്പോഴേയ്ക്കും രേഖ മരിച്ചിരുന്നു. വിപിൻദാസ് തൊട്ടടുത്ത് ചോരവാർന്ന് അബോധാവസ്ഥയിലുമായിരുന്നു.

പൊലീസ് എത്തി ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അച്ഛൻ അമ്മയെ വെട്ടുകയായിരുന്നെന്നു മകൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. മക്കൾ: അശ്വതി, അശ്വിനി, അനന്തു, ആദി. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!