ഇന്‍സ്റ്റഗ്രാം പരിചയം; മലപ്പുറത്ത് 15-കാരിയെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ

മലപ്പുറം: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി ചേരപ്പറമ്പില്‍ അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് മാമാണിപ്പടി സ്വദേശി ഷാബില്‍ (22) എന്നിവരെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിനിയായ 15-കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ആലങ്കോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.

തിരൂര്‍ ഡി.വൈ.എസ്.പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരും മറ്റുപല കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണെന്നും അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!