
newsdesk
തൃശൂർ: കൊടുങ്ങല്ലൂരിൽ മകൻ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വർഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു. അന്ന് പൊലീസ് കേസെടുത്തിരുന്നു.അടുത്തിടെ താമരശ്ശേരിയിൽ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നിരുന്നു. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയാണ് (53) മകൻ ആഷിഖി (24) ന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
‘ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാൻ നടപ്പാക്കി’- എന്നായിരുന്നു യുവാവ് കൃത്യം നടത്തിയ ശേഷം പറഞ്ഞുകൊണ്ടിരുന്നത്.ആഷിഖ് അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാൾ ചോദിച്ച് വാങ്ങി. ശേഷം വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു. പ്രതി ലഹരിക്കടിമയായിരുന്നു.പ്രതി പ്ലസ്ടുവരെ നാട്ടിലാണ് പഠിച്ചത്. അതിനുശേഷം കോഴിക്കോട് പഠിച്ചു. ഇവിടെ വച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം. സൂപ്പി, സാറാബീവി എന്നിവരുടെ മകളാണ് സുബെെദ.