കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചവരിൽ പിഞ്ചുകുഞ്ഞും

ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കോയമ്പത്തൂർ മധുക്കരയിലായിരുന്നു അപകടം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീബ ജേക്കബ് (55), കൊച്ചുമകൻ ആരോൺ ജേക്കബ് (രണ്ട് മാസം പ്രായം) എന്നിവരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീന ജേക്കബിനെ (30) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ ലോറി ഡ്രൈവറായ കരൂർ സ്വദേശി ശക്തിവേൽ അറസ്റ്റിലായിട്ടുണ്ട്. മൂവരും സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവർ ബം​ഗളൂരുവിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

error: Content is protected !!