
newsdesk
കോഴിക്കോട്: മെഡിക്കൽ കോളജിലെ മോർച്ചറിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയിൽ:
ഇപ്പോഴത്തെ ജീവനക്കാർ ഏഴുപേർ മാത്രം.മൃതദേഹം സൂക്ഷിക്കുന്ന രണ്ട്കോള്ഡ് സ്റ്റോറേജുകളില്‍ ഒന്ന് പ്രവർത്തനരഹിതമാണ് .പോസ്റ്റ്മോർട്ട കേസുകള്‍ കൂടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ മെഡിക്കല്‍ കോളേജ് മോർച്ചറി. ദിവസേന പോസ്റ്റുമോർട്ടം ചെയ്യുന്നത് ശരാശരി പത്തുമുതല്‍ പതിനഞ്ച് വരെയുള്ള മൃതദേഹങ്ങളാണ്. എന്നാല്‍ ഡോക്ടർമാരെ കൂടാതെ ഇവിടെ ആകെയുള്ളത് ഏഴുപേർ മാത്രം.
ഫോറൻസിക് വിഭാഗത്തിലടക്കം 1965-ലെ പഴയേ സ്റ്റാഫ് പാറ്റേണ്‍ തുടരുന്നതാണ് ജീവനക്കാരുടെ ക്ഷാമത്തിന് പ്രധാന കാരണം. മുമ്പ് മോർച്ചറിയില്‍ വർഷംതോറും അറുന്നൂറോളം മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടത്തിന് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ രണ്ടായിരം കവിഞ്ഞു. ഇതനുസരിച്ച് ജീവനക്കാരും സൗകര്യങ്ങളും വർദ്ധിപ്പിക്കാത്തതിനാല്‍ ജോലിഭാരം കൂടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ള ജീവനക്കാരുടേത്. ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ മണിക്കൂറുകളാണ് ബന്ധുക്കള്‍ കാത്തിരിക്കേണ്ടി വരുന്നത്.
മൂന്ന് ഡോക്ടർമാർ, ഒരു മോർച്ചറി ടെക്നീഷ്യൻ, ഒരു അറ്റൻഡർ എന്നിങ്ങനെയാണ് ഒരോ പോസ്റ്റുമോർട്ടം ടേബിളിനും വേണ്ടത്. എന്നാല്‍ ഇവിടെ രണ്ട് അറ്റൻഡർമാർ, ഒരു മോർച്ചറി ടെക്നീഷ്യൻ, ഒരു ലാബ് ടെക്നീഷ്യൻ, മൃതദേഹം വാങ്ങിവയ്ക്കുന്ന മൂന്ന് അറ്റൻഡർമാർ മാത്രമാണുള്ളത്. മൂന്നു മോർച്ചറി ടേബിളുകളിലും ഒരേ സമയം മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി എത്തിയാല്‍ ആകെയുള്ള ഒരു ടെക്നീഷ്യൻ നെട്ടോട്ടമോടണം. ഈ പോസ്റ്റില്‍ താത്കാലിക നിയമനം മാത്രമാണുള്ളത്. മോർച്ചറിക്കുള്ളിലേക്ക് വിടുന്ന മൃതദേഹം ടേബിളിലെത്തിയ ശേഷം സാധാരണനിലയില്‍ ഒരുമണിക്കൂറിനുള്ളില്‍ പോസ്റ്റുമോർട്ടം പൂർത്തിയാകും. എന്നാല്‍ ആളില്ലാത്തതിനാല്‍ മണിക്കൂറുകളോളം നീളുന്ന സ്ഥിതിയാണ്. ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയെങ്കിലും വർദ്ധിപ്പിച്ചാല്‍ മാത്രമേ ജോലിഭാരം കുറയ്ക്കാനും ബന്ധുക്കളുടെ കാത്തിരിപ്പ് കുറയ്ക്കാനും കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്.