ഓണത്തിന് മെച്ചപ്പെട്ട കളക്ഷൻ; എന്നിട്ടും ശമ്പളത്തിന് തികഞ്ഞില്ല, ജീവനക്കാരുടെ ശമ്പളം മുടങ്ങി

newsdesk

തിരുവനന്തപുരം: ഓണക്കാലത്ത് 70.97 കോടിയുടെ മെച്ചപ്പെട്ട കളക്ഷൻ കിട്ടിയെങ്കിലും കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം വൈകുന്നു . തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഇന്നലെയായിരുന്നു നൽകേണ്ടിയിരുന്നത്. ആദ്യ ഗഡുപോലും വിതരണം ചെയ്തിട്ടില്ല.

കളക്ഷൻ തുക പതിവു ചെലവുകൾക്കായി മാറ്റിവച്ചതോടെ ശമ്പളത്തിന് മിച്ചമില്ലാതായി. 10 കോടി ഓവർഡ്രാഫ്ട് എടുക്കേണ്ടി വന്നേക്കും. പ്രതിസന്ധി മുന്നിൽകണ്ട് ഓണാവധിക്കു മുമ്പ് ആഗസ്റ്റ് 26ന് 80 കോടിയുടെ സഹായം അഭ്യർത്ഥിച്ച് ധനവകുപ്പിന് കത്ത് നൽകിയെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല.
ആഗസ്റ്റ് 26 മുതൽ സെപ്തംബർ 4 വരെയാണ് 70.97 കോടിയുടെ കളക്ഷൻ ലഭിച്ചത്. ഇതിൽആറ് ദിവസം 7 കോടി കടന്നു. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ കഴിഞ്ഞ 4ന് 8.79 കോടിയുടെ റെക്കാഡ് കളക്ഷനായിരുന്നു. .ജൂലായിലെ കുടിശ്ശിക ശമ്പളം ആഗസ്റ്റ് 23നാണ് നൽകിയത്. തൊഴിൽ നികുതി, ഡയസ്‌നോൺ എന്നിവ കുറയ്‌ക്കേണ്ടിവന്നതിനാൽ 76 കോടിയാണ് വേണ്ടിവന്നത്. സർക്കാർ നൽകിയ 70 കോടിയാണ് ഇതിനായി പ്രധാനമായും ആശ്രയിച്ചത്. ഉത്സവബത്തയായി താത്കാലിക ജീവനക്കാർ, ബദലി ജീവനക്കാർ എന്നിവർക്ക് 1000 രൂപാവീതവും, സ്ഥിരം ജീവനക്കാർക്ക് 2750 രൂപയും 24ന് നൽകിയിരുന്നു. ബസ് വാങ്ങാനുള്ള ഫണ്ടിൽ നിന്നാണ് സ്ഥിര ജീവനക്കാർക്ക് 7500 രൂപ ശമ്പള അഡ്വാൻസ് നൽകിയത്.

error: Content is protected !!