നറുക്കെടുപ്പിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് എടുത്ത ടിക്കറ്റ്;വൃക്കരോഗിയായ മഹേഷിനെ ഭാഗ്യം തേടിയെത്തിയത് ഇങ്ങനെ ..

newsdesk

തൃപ്പൂണിത്തുറ: നറുക്കെടുപ്പിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് എടുത്ത ടിക്കറ്റ് തെക്കൻപറവൂർ അങ്ങാടിക്കു സമീപം മംഗളം ബേക്കറി ഉടമ നെല്ലിക്കൽ വീട്ടിൽ മഹേഷിന് സമ്മാനിച്ചത് ബമ്പർ ഭാഗ്യം. നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് മഹേഷിനെ തേടിയെത്തിയത്.

സ്വന്തം സ്ഥാപനത്തിന് സമീപം ലോട്ടറി വിൽക്കുന്ന ശശിയുടെ കടയിൽ നിന്ന് സ്ഥിരമായി മഹേഷ് ലോട്ടറി എടുക്കാറുണ്ട്. ഇടയ്ക്കൊക്കെ ചെറിയ സമ്മാനങ്ങൾ കിട്ടാറുണ്ടെങ്കിലും ഒന്നാം സമ്മാനം പ്രതീക്ഷിച്ചില്ലെന്ന് മഹേഷ് പറഞ്ഞു. ഇക്കുറി വാങ്ങിയ മൂന്ന് ടിക്കറ്റുകളിൽ ഒന്നിന് ഒന്നാം സമ്മാനം സ്വന്തമായതുകൂടാതെ 8000 രൂപയുടെ സമാശ്വാസ സമ്മാനവും മഹേഷിന് ലഭിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി ബേക്കറി നടത്തുന്ന മഹേഷ് സാമ്പത്തിക ബാദ്ധ്യതകളിൽ നട്ടംതിരിയവെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. വൃക്കരോഗബാധിതനായി ചികിത്സയിലാണ് മഹേഷ്. സ്വർണം പണയംവച്ചും മറ്റുമാണ് ചികിത്സ. 20 ലക്ഷത്തോളം രൂപ കടമുണ്ട്. കടങ്ങൾ വീട്ടണമെന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്ന് മഹേഷ് പറഞ്ഞു. ഇപ്പോൾ ഓണം ബമ്പറിന്റെ വില്പനയും മഹേഷ് ആരംഭിച്ചിട്ടുണ്ട്. ഭാര്യ ധന്യ ബേക്കറി വ്യാപാരത്തിൽ മഹേഷിനെ സഹായിക്കുന്നു. പ്ലസ് വൺ വിദ്യാർത്ഥി ഗൗരിശങ്കറും ആറാം ക്ലാസ് വിദ്യാർത്ഥി അനുവിന്ദയുമാണ് മക്കൾ.

error: Content is protected !!