തെരുവുനായ ശല്യം വാക്സിനേഷൻ ഡ്രൈവിനു തുടക്കം

Web Desk

കോഴിക്കോട്, തെരുവുനായ ശല്യത്തിനു പരിഹാരമായി വാക്സിനേഷൻ ഡ്രൈവിനു ജില്ലയിൽ തുടക്കമായി. കോർപറേഷൻതല ഉദ്ഘാടനം ബേപ്പൂരിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ബാലുശ്ശേരിയിലും നടന്നു. ബേപ്പൂരിൽ ഇന്നലെ 10 തെരുവുനായ്ക്കൾക്കാണ് വാക്സീൻ നൽകിയത്. ബാലുശ്ശേരിയിലും വാക്സീൻ നൽകി. ഒക്ടോബർ 20 വരെ വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണിത്. ജില്ലയിലെ മുഴുവൻ മൃഗാശുപത്രികൾ മുഖേനയും വരുന്ന ഒരു മാസം തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മൃഗാശുപത്രിയിലെ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.കെ.ഷിഹാബുദ്ദീൻ പറഞ്ഞു. കോർപറേഷന്റെ എബിസി പ്രോജക്ടിന്റെ ഭാഗമായാണ് ബേപ്പൂരിൽ വാക്സീൻ നൽകിയത്. ഇന്നലെ വാക്സീൻ നൽകിയ 10 നായ്ക്കളിൽ 2 എണ്ണത്തെ നേരത്തേ വന്ധ്യംകരിച്ചതായതിനാൽ അവയെ തിരിച്ചുവിട്ടു. ബാക്കി 8 എണ്ണത്തെ പൂളക്കടവിലെ വന്ധ്യംകരണ കേന്ദ്രത്തിലേക്കു മാറ്റി. ബേപ്പൂർ നടുവട്ടം ഗോവിന്ദവിലാസം സ്കൂൾ പരിസരത്തു നടന്ന പരിപാടി മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർപഴ്സൻ കെ.കൃഷ്ണകുമാരി ആധ്യക്ഷ്യം വഹിച്ചു. പി.കെ.ഷിഹാബുദ്ദീൻ, ഡോ. കെ.എസ്.സജി, എസ്പിസിഎ സെക്രട്ടറി എം.രാജൻ, പ്രകാശൻ പേരോത്ത്, കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്.ശ്രീഷ്മ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാക്സിനേഷൻ ഡ്രൈവ് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

error: Content is protected !!