ദേവസ്വം ബോര്‍ഡിന്റെ ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനമുണ്ടെന്ന് ദേവസ്വം മന്ത്രി

Web Desk

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ആര്‍എസ്എസ് ശാഖ ചേരുന്നതായും മാസ് ഡ്രില്‍ നടത്തുന്നതായും ദേവസ്വം കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ആര്‍എസ്എസ് പരിശീലനം തടയാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എന്നിവരെ ചുമതലപ്പെടുത്തി. 2021 മാര്‍ച്ച് 30ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ക്ഷേത്ര ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇതുവരെ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!