തീയിട്ടത് പണം കിട്ടാത്ത ദേഷ്യത്തിൽ; തൃശൂരിൽ പോസ്റ്റ് ഓഫിസ് കത്തിച്ച ‘ഓട്ടോ സുഹൈൽ’ പിടിയിൽ

Web Desk

പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫിസ് കത്തിച്ച കേസിലെ പ്രതി പിടിയില്‍. വാടാനപ്പള്ളി സ്വദേശി രായംമരയ്ക്കാൽ വീട്ടിൽ സുഹൈൽ ആണ് പിടിയിലായത്. പണം കിട്ടാത്തതിലുള്ള ദേഷ്യമാണ് മോഷണ ശ്രമത്തിനു ശേഷം പോസ്റ്റ് ഓഫിസിന് തീയിടാനുള്ള കാരണമെന്ന് പ്രതി പറയുന്നു. ബുധൻ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ വാടാനപ്പള്ളിയിൽ നിന്ന് പൊലീസ് പിടികൂടിയത്.
ഫെബ്രുവരി രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരിങ്ങോട്ടുകര മൂന്നു കൂടിയ സെന്ററിൽ പ്രവർത്തിക്കുന്ന സബ് പോസ്റ്റ് ഓഫിസ് ആണ് പ്രതി കത്തിച്ചത്. പോസ്റ്റ് ഓഫിസിൽ തന്നെ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ചാണ് തീയിട്ടതെന്ന് പ്രതി സമ്മതിച്ചു. പിറ്റേന്നു രാവിലെ ശുചീകരണ തൊഴിലാളി ഓഫിസിലെത്തിയപ്പോഴായിരുന്നു മുൻവാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു. കെ. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഫിസിനകം മുഴുവൻ കരിപിടിച്ച നിലയിലായിരുന്നു. കംപ്യൂട്ടർ, പ്രിൻറ്റർ, റജിസ്റ്ററുകൾ, പാസ് ബുക്കുകൾ തുടങ്ങിയവ കത്തിനശിച്ചു. ഒട്ടേറെ കവർച്ചാ കേസുകളിലെ പ്രതിയായ സുഹൈൽ തുടക്കകാലത്ത് ഓട്ടോകൾ കൂടുതലായി മോഷ്ടിച്ചിരുന്നതിലാണ് ഓട്ടോ സുഹൈൽ എന്ന പേരു വീണത്.

error: Content is protected !!