
Web Desk
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ കൊച്ചിയിൽ എത്തിച്ച് വിൽപന നടത്തിയ സംഘം അറസ്റ്റിൽ. മാമംഗലത്ത് ഹോട്ടലിൽ മുറിയെടുത്തായിരുന്നു ലഹരി വിൽപന. എക്സൈസ് എൻഫോഴ്സ്മെന്റിന്റെ റെയ്ഡിൽ ഒരു യുവതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. കൊല്ലം, കണ്ണൂർ, ആലപ്പുഴ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി.
ഗൾഫിൽ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികൾ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിൽ വിശദമായി പരിശോധന നടത്തിയതിനു ശേഷമേ പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിടുകയുള്ളു. ബെംഗളൂരുവിലെത്തിയ നൈജീരിയക്കാരിൽ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി. ഇവരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു. എക്സ്റ്റസി, മോളി, എക്സ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകുമെന്നാണ് വിദഗ്ധർ പറയുന്നത്.