
Local News
ക്വാറി മാലിന്യമായ സ്ലറി തോട്ടിലേക്ക് ഒഴുക്കി വിടുന്നതായാരോപിച്ചാണ് ക്വാറി യൂനിറ്റിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു .തോട്ടുമുക്കത്തിന് സമീപം പുതിയനിടം ചേലൂപ്പാറ ക്വാറിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.കഴിഞ്ഞ ദിവസം ചെയ്ത മഴയുടെ മറവിൽ നിരവധി പേർ അലക്കാനും കുളിക്കാനുമുപയോഗിക്കുന്ന തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. നിരവധി പേർ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയടക്കം സ്ഥിതി ചെയ്യുന്നത് ഈ തോടിനോട് ചേർന്നാണ്. കുടിവെള്ള പദ്ധതിയുടെ കുളത്തിലും മാലിന്യം കലർന്നതായും നാട്ടുകാർ പറയുന്നു.

നാട്ടുകാർ വിവര മറിയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. കരീം പഴങ്കൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുഫിയാൻ എന്നിവർ സ്ഥലത്തെത്തിയങ്കിലും ഇവരോടും ജനങ്ങൾ ബഹളം വെച്ചു. നേരത്തെ ക്വാറി പ്രവർത്തനം മൂലം നിരവധി വീടുകൾക്ക് വിള്ളലുൾപ്പെടെ സംഭവിക്കുകയും നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 4 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമാവുമെന്ന് പറഞ്ഞിരുന്നങ്കിലും പഴയ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലന്ന് മാത്രമല്ല പുതിയ ദുരിതങ്ങൾ ഓരോ ദിവസവും വർധിച്ചു വരികയാണന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുക്കം പോലീസും കൊടിയത്തൂർ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.പ്രശ്നത്തിന് പരിഹാരമായില്ലങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.