
Entertainment Desk
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററിലെ ക്യാമറ പിടിച്ചുള്ള പ്രണവിന്റെ ലുക്ക് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് പോസ്റ്ററിന് വരുന്ന കമന്റുകള്‍. ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ ക്യാമറയുമായി നില്ക്കുന്ന പോസ്റ്ററിന്റെ പടങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.
മകന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്റര്‍ എല്ലാവരുമായി പങ്കുവെക്കുകയാണ്. ഹാപ്പി ബര്‍ത്ത്ഡേ അപ്പു. നിനക്കും സിനിമയിലെ മറ്റെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.
‘അപ്പുവിനെ കുറിച്ച് ഒത്തിരിയേറെ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. സിനിമ പുറത്തിറങ്ങി ആളുകള്‍ കാണുന്നത് വരെ ഞാന്‍ കാത്തിരിക്കാമെന്ന് വെക്കുകയാണ്. തല്‍ക്കാലത്തേക്ക് ഈ പോസ്റ്റര്‍ മാത്രം ഇവിടെ പങ്കുവെക്കുന്നു. ഏറ്റവും ഏറ്റവും പ്രിയപ്പെട്ട പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്,’ വിനീത് പറയുന്നു.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഹൃദയമെന്നും പതിനഞ്ച് പാട്ടുകളുണ്ടെന്നും വിനീത് പറഞ്ഞിരുന്നു.നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് ഹൃദയത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.