ആരോഗ്യവകുപ്പിന്റെ പേരിൽ നിയമന തട്ടിപ്പ്: പിന്നിലുള്ളത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വൻ റാക്കറ്റ്, കൂടുതൽ ഉന്നതരുണ്ടെന്ന് സംശയം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ അടക്കമുളള വൻ റാക്കറ്റാണെന്ന് പൊലീസ്. അരവിന്ദ് അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നതോ‌ടെ കൂടുതൽപേർ പരാതിയുമായി രംഗത്തെത്തിയുണ്ട്. ഇതുവരെ അഞ്ചുപേർ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ പൊലീസിനെ സമീപിച്ച ആറന്മുള സ്വദേശിക്ക് ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്. പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തും എന്നാണ് പൊലീസ് കരുതുന്നത്.

കരുനാഗപ്പളളി സ്വദേശിനിക്ക് റിസ‌പ്ഷനിസ്റ്റായി ജോലിനൽകാമെന്ന് വാഗ്‌ദാനം ചെയ്ത് പണംതട്ടിയ കേസിലാണ് അരവിന്ദിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തത്. എം പി ക്വാട്ടയിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലിനൽകാമെന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. ഇതുപ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ യുവതി കൂട്ടാക്കിയില്ല. അരവിന്ദ് നൽകിയ നിയമന ഉത്തരവിന്റെ പകർപ്പ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ഡയറക്ടറാണ് പൊലീസിൽ പരാതി നൽകിയത്.അരവിന്ദ് ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പാർട്ടിയിൽ നിന്നുതന്നെയുള്ള ചില ഉന്നതരുടെ സഹായവും ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ആ നിലയ്ക്കാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രത്തിൽ പരസ്യം നൽകിയ അരവിന്ദ് നാടൊട്ടുക്ക് ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ഇതിനൊപ്പം അടുത്തിടെ വലിയൊരു വീടും വച്ചു. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണമാകാം ഇതിന് ഉപയോഗിച്ചതെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്.ആരോഗ്യവകുപ്പിലെ വ്യാജ നിയമന വിവാദത്തിനെതിരെ സി പി എമ്മിനും സർക്കാരിനും എതിരെ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാവുതന്നെ അത്തരമൊരു കേസിൽ അകപ്പെട്ടത് പാർട്ടിക്ക് കനത്ത നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുമ്പ് തട്ടിപ്പ് കേസ് ഉയർന്നുവന്നതും സംഘടനയ്ക്ക് തീരാ കളങ്കമായി മാറി.

error: Content is protected !!