
WebDesk
ട്രെയിൻ ഭക്ഷണത്തിന്റെ നിലവാരം തകരുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അടുത്തിടെ ഭൂമിയ എന്ന യുവതി ട്വിറ്ററലൂടെ ഉന്നയിച്ച പരാതിയാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. യുവതി ട്വിറ്ററിൽ ഭക്ഷണത്തിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്താണ് പ്രതിഷേധമറിയിച്ചത്.
പകുതി കഴിച്ച ഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ചാണ് ഭൂമിക എന്ന യാത്രക്കാരി റെയിൽവേക്കെതിരെ പ്രതിഷേധം അറിയിച്ചത്. ദാൽ, സബ്ജി, റോട്ടി, ചോറ് എന്നിവയാണ് പ്ളെയ്റ്റിലുള്ളത്. ട്വിറ്ററിൽ രൂക്ഷവിമർശനം ആണ് ഭൂമിക ഉയർത്തുന്നത്. നിങ്ങളുടെ ഭക്ഷണം ഒരിക്കലെങ്കിലും നിങ്ങൾ കഴിച്ചുനോക്കിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഭൂമിക, ഒരു പടികൂടി കടന്ന്, ഇത്ര മോശം ഭക്ഷണം നിങ്ങൾ നിങ്ങളുടെ കുടുംബത്തിനോ കുട്ടികൾക്കോ നൽകുമോ എന്നും ചോദിച്ചു. ടിക്കറ്റ് നിരക്കുകൾ അടിക്കടി വർധിപ്പിച്ചിട്ടും നല്ല ഭക്ഷണം നൽകാൻ ഇനിയും നടപടി ഇല്ലാത്തതെന്തെന്നും ചോദ്യം. ഒരിക്കലെങ്കിലും റെയിൽവേ ഭക്ഷണം കഴിച്ചിട്ടുള്ളവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളായിരുന്നു അത്. തടവുകാർക്ക് ജയിലിൽ നൽകുന്ന ഭക്ഷണത്തോടാണ് ഭൂമിക റെയിൽവേ ഭക്ഷണത്തെ ഉപമിക്കുന്നത്. എന്നാൽ ട്രെയിനിലെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ താനില്ലെന്നും ഭൂമിക മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കുന്നു. അവർ അവരുടെ ജോലി ചെയുന്നു, കിട്ടുന്നത് വിതരണം ചെയ്യുന്നു ..പൈസ റീഫണ്ട് ചെയാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും എന്നാൽ മോശം ഭക്ഷണത്തിന്റെ ഉത്തരവാദിത്തം അവർക്കല്ലെന്നും ഭൂമിക പറയുന്നു.