
newsdesk
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യയുടെ ശക്തമായ നയതന്ത്ര സ്ട്രൈക്ക്. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധത്തിലെ പല സുപ്രധാന വാതിലുകളും കൊട്ടിഅടച്ചുകൊണ്ടാണ് ഇന്ത്യയുടെ കടുത്ത നടപടി. എട്ട് സുപ്രധാന തീരുമാനങ്ങളാണ് ഇന്ത്യ പ്രധാനമായും കൈക്കൊണ്ടിരിക്കുന്നത്.
സിന്ധു നദീജല കരാർ റദ്ദാക്കി
വാഗ-അട്ടാരി അതിർത്തി അടച്ചു
വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണം
സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം
പാക് പൗരന്മാർക്ക് വിസ നൽകില്ല
നിലവിലെ വിസകളെല്ലാം റദ്ദാക്കും
പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
ഇന്ത്യൻ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു
യുദ്ധകാലത്ത് പോലും സ്വീകരിക്കാത്ത നടപടികളാണ് ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കൈകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് 64 വർഷത്തിലധികമായി ഇന്ത്യയും പാകിസ്താനും പാലിച്ചുവന്നിരുന്ന സിന്ധു നദീജല കരാറാണ്.
എന്താണ് സിന്ധു നദീജല കരാർ?
ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി കടന്നുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെയ്ക്കുന്നത്. 64 വര്‍ഷം പഴക്കമുള്ള ഈ കരാർ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.
1947, ഇന്ത്യ പാകിസ്താൻ വിഭജന കാലത്താണ് ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദി ആര് നിയന്ത്രിക്കുമെന്നും ആർക്കാണ് കൂടുതൽ ജലം ലഭിക്കുന്നതെന്നും ഉൾപ്പടെയുള്ള ചോദ്യങ്ങൾ ഉടലെടുക്കുന്നത്. 1948ൽ പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താൽക്കാലികമായി നിർത്തിവെയ്ക്കുകയുണ്ടായി. ഈ സമയത്താണ് തങ്ങൾക്ക് ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ (യുഎൻ) എത്തുന്നത്. പിന്നാലെ വർഷങ്ങളുടെ ചർച്ചകൾക്ക് ശേഷം ലോകബാങ്കിന്റെ മധ്യസ്ഥതയിൽ കരാർ ഒപ്പ് വെയ്ക്കാമെന്ന തീരുമാനത്തിലേക്ക് ഇരു രാജ്യങ്ങളും കടന്നു. ഒടുവിൽ 1960-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കരാറിൽ ഒപ്പുവെച്ചു.
സിന്ധു നദീതടത്തിലെ ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു ഈ ഉടമ്പടി നിലവിൽ വന്നത്. കിഴക്കൻ നദികളായ രവി, സത്ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളായ സിന്ധു, ചെനാബ്, ഝലം തുടങ്ങിയ നദികളിലെ ജലത്തിൻ്റെ അവകാശം പാകിസ്താനും നൽകി കൊണ്ടായിരുന്നു ഉടമ്പടി.
കരാർ റദ്ദാക്കൽ പാകിസ്താന് എങ്ങനെ തിരിച്ചടിയാവും ?
കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഒരേ പോലെ ഗുണകരമാകുന്ന കരാറാണ് സിന്ധു നദീജല കരാർ എന്ന് തോന്നുമെങ്കിലും ഇതിലെ വലിയ ഗുണഭോക്താവ് പാകിസ്താനാണ്. മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയും ബാക്കി വരുന്ന ജലപ്രവാഹത്തിന്റെ 80 ശതമാനം പാകിസ്താനുമാണ് സ്വീകരിച്ചുവരുന്നത്. പാകിസ്താനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് ഈ നദികളിലെ ജലം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കരാർ റദ്ദാക്കുന്നത് പാകിസ്താൻ്റെ പ്രധാന വരുമാന ശ്രോതസായ കൃഷിയെ ബാധിക്കും.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ ഈ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ കശ്മീരിൻ്റെ സ്വപ്ന താഴ്വരയായ പഹൽഗാമിനെ രക്തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.