വ്യാജപ്രചാരണങ്ങളിൽ മുങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സഹായം സുരക്ഷിതമാണോ ; കണക്കുകള്‍ നോക്കാം

സർക്കാരിന്റെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വലിയ വ്യാജപ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം അർഹതപ്പെട്ടവർക്ക് എത്തുന്നില്ലെന്നും അധികൃതർ സ്വന്തം ആവശ്യത്തിനും ആർഭാടത്തിനുമാണ് ആ പണം ഉപയോഗിക്കുന്നതെന്നുമുള്ള ആശങ്ക ഇതുമൂലം പൊതുസമൂഹത്തിനുണ്ടായിട്ടുണ്ട്. എന്നാൽ, പരിപൂർണ്ണമായും ഓഡിറ്റിങ്ങിന് വിധേയമായതും സുതാര്യവുമായ ഫണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. 2018-19 ലെ പ്രളയത്തിന്റെ മാത്രം കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. 27-7-2018 മുതൽ 26-3-2020 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ ആകെ തുകയായ 4970 കോടി രൂപയിൽ പ്രളയബാധിതർക്ക് അനുവദിച്ചത് 4724.83 കോടി രൂപയാണ്.

18-19ലെ പ്രളയത്തില്‍ സമാഹരിച്ച തുക- 4970 കോടി

പൊതുജനങ്ങളില്‍നിന്ന് ഇലക്ട്രോണിക് പെയ്‌മെന്റ് വഴി 230 കോടി രൂപയാണ് ഈ കാലയളവില്‍ ദുരിതാശ്വാസ നിധിയിലെത്തിയത്
പൊതുജനങ്ങളിൽനിന്ന് മറ്റ് മാർഗ്ഗങ്ങൾ വഴിയും പെന്‍ഷന്‍കാരുടെ സാലറി ചാലഞ്ച്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമായി 3013.32 കോടി രൂപ
ജീവനക്കാരുടെ സാലറി ചാലഞ്ചിലൂടെ 1246.98 കോടി
ഫെസ്റ്റിവല്‍ അലവന്‍സ് – 117.69 കോടി

കെയര്‍ ഹോം പദ്ധതിക്കായി സംസ്ഥാന സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ട്- 52.69 കോടി
മദ്യവില്‍പനയിലെ അധിക നികുതി ചുമത്തിയതിലൂടെ ലഭിച്ചത്- 308.68 കോടി
ഇതെല്ലാം കൂടെയായി ആകെ ലഭിച്ച 4970.29 കോടി രൂപയില്‍ 4724.83 കോടി രൂപയാണ് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.

അനുവദിച്ച തുക- 4724.83 (2023 ഡിസംബര്‍ 31 പ്രകാരമുള്ള കണക്കുകള്‍)

2018-ലെ പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് 2018 പ്രളയത്തിലെ അടിയന്തിര സാമ്പത്തിക സഹായമായി 6200 രൂപ വീതം നല്‍കിയത് വഴി ആകെ അനുവദിച്ച തുക- 457.58 കോടി രൂപ
വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കിയത് – 2503.51 കോടി രൂപ
പ്രളയബാധിതര്‍ക്ക് കിറ്റ് നല്‍കാനായി കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന് അനുവദിച്ച തുക- 54.46 കോടി
പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൃഷി വകുപ്പ്‌ വഴി അനുവദിച്ച തുക – 54 കോടി
പ്രളയബാധിതര്‍ക്ക് അരി വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിച്ചത്- 9.4 കോടി
ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍ വഴി അനുവദിച്ച തുക- 85.6 കോടി
കെയര്‍ ഹോം പദ്ധതിയിലൂടെ വീട് വെച്ച് നല്‍കാനായി നീക്കി വെച്ച തുക- 52.69 കോടി
കുടുംബശ്രീക്കായി നീക്കിവെച്ചത് – 336 കോടി രൂപ
ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി നീക്കി വെച്ചത്- 26.3 കോടി രൂപ

ചെലവഴിച്ച തുകയുടെ വിശദവിവരങ്ങള്‍ അറിയാം- https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure

ഫണ്ട് കൈകാര്യം

അഡീഷണല്‍ ചീഫ് സെക്രട്ടറി(ധനകാര്യം)ക്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. നിലവില്‍ രാജേഷ് കുമാര്‍ സിങ്ങിനാണ്‌ ഇതിന്റെ ചുമതല. ധനകാര്യ സെക്രട്ടറിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെങ്കിലും, ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്. CMDRF-ന്റെ ബാങ്ക് അക്കൗണ്ടിന്റെ ചുമതലയുള്ള ധനകാര്യ സെക്രട്ടറിക്ക് ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാത്രമേ ഇത് സാധ്യമാകൂ. ലഭിച്ച തുക കൈകാര്യം ചെയ്ത രീതിയുമെല്ലാം സുതാര്യമാണ്. വിവരങ്ങൾ പൂര്‍ണ്മമായും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലും ജനങ്ങള്‍ക്ക് വിവരം ലഭിക്കും. ഈ ഫണ്ടുകള്‍ കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിന് വിധേയമാണ്. ഇതിന്റെ ചെലവും സംസ്ഥാന നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്.

error: Content is protected !!