
newsdesk
കൊടുവളളി∙ നഗരസഭയിൽ അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാതെ പുറത്തായവർ കൂട്ടത്തോടെയെത്തി നഗരസഭാ ഓഫിസിൽ ഇന്നലെയും പ്രതിഷേധിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതു മുതൽ നഗരസഭാ സെക്രട്ടറി അവധിയിലാണ്. തിങ്കളാഴ്ച വോട്ടർപട്ടികയിൽ നിന്നു പുറത്തായവർ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു.
കലക്ടർക്കു മുൻപിലെത്തിയ വോട്ടർമാരോട് തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർക്കു പരാതി നൽകാനാണു നിർദേശം നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടർ, കൊടുവള്ളി നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടി. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പരാതികൾ പരിഹരിക്കേണ്ട ഈ സമയത്ത് സെക്രട്ടറി അവധിയിലാണ്. സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും കിട്ടുന്നില്ലെന്നു വോട്ടർമാർ പറയുന്നു.നഗരസഭ സെക്രട്ടറി അവധിയിലായതിനാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നൽകാൻ നഗരസഭാ സൂപ്രണ്ടോ മറ്റ് ഉദ്യോഗസ്ഥരോ തയാറാകുന്നില്ലെന്നും പരാതിയുമായി എത്തിയവർ പറഞ്ഞു.
ഇന്നലെയാണു സെക്രട്ടറി കലക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകേണ്ടിയിരുന്നത്. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ചോ എന്നതിൽ വ്യക്തതയില്ല.പ്രതിഷേധവുമായി എത്തിയ വോട്ട് നഷ്ടപ്പെട്ടവരും യുഡിഎഫ് പ്രവർത്തകരും ചേർന്നു നഗരസഭാ സൂപ്രണ്ടിനെ രാവിലെ മുതൽ വൈകിട്ട് 6 വരെ ഉപരോധിച്ചെങ്കിലും ഇതുസംബന്ധിച്ച രേഖകൾ നഗരസഭാ ഓഫിസിൽ ഇല്ലെന്നും നഗരസഭാ സെക്രട്ടറി കൊണ്ടുപോയതാണെന്നുമുള്ള മറുപടിയാണു സൂപ്രണ്ട് രേഖാമൂലം നൽകിയത്.
21 ഡിവിഷനുകളിലെ വോട്ടർമാരെയാണ് അന്തിമ പട്ടികയിൽ നിന്നും വെട്ടിമാറ്റിയത്. ഈ ഡിവിഷനുകളിൽ നിന്നെല്ലാം യുഡിഎഫിന് അനുകൂലമാകുന്ന വോട്ടുകൾ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തള്ളുകയാണു ചെയ്തതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.4,7,8, 10, 12, 13, 17, 21, 22, 24, 26, 27, 29, 30, 31, 32, 33, 35, 36, 37 വിഷനുകളിലാണ് വ്യാപകമായി വോട്ടർമാരെ മറ്റു വാർഡുകളിലേക്ക് മാറ്റുകയോ വോട്ട് തള്ളുകയോ ചെയ്തത്. ഡിവിഷൻ 26ൽ നിന്നു മാത്രം 380 വോട്ടർമാരെയാണ് 28ലേക്ക് മാറ്റിയത്.
ഡിവിഷൻ 37ൽ നിന്ന് 36ലേക്ക് മാറ്റിയത് 135 വോട്ടർമാരെയാണ്. ഡിവിഷൻ പത്തിൽ നിന്ന് 11ലേക്കും വ്യാപകമായി വോട്ടർമാരെ മാറ്റിയതായി യുഡിഎഫ് ആരോപിച്ചു. നഗരസഭാ പരിധിയിൽ അഞ്ഞൂറോളം പേർക്ക് വോട്ടില്ലാതായെന്നാണ് ആരോപണം. വോട്ടർമാർ വോട്ട് പുനസ്ഥാപിച്ചു കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. പ്രതിഷേധം ശക്തമായ 3 ദിവസങ്ങളിലും പൊലീസ് കാവലിലാണു നഗരസഭ പ്രവർത്തിച്ചത്. നഗരസഭ സെക്രട്ടറി വി.എസ്.മനോജ് കഴിഞ്ഞ ഒരാഴ്ചയായി ഓഫിസിൽ എത്തിയിട്ടില്ലാത്തതിനാൽ നേരിട്ടുള്ള പരാതി സ്വീകരിക്കലോ അന്വേഷണമോ നടന്നിട്ടില്ല.