കോഴിക്കോട് അപകടം: കസ്റ്റഡിയിലെടുത്ത കാറിന് 2.40 കോടി രൂപ വില; നമ്പർ നിലവിൽ അസാധു

കോഴിക്കോട്∙ ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ചു വിഡിയോഗ്രഫർ ആൽവിൻ(20) മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആഡംബര കാർ കേന്ദ്രീകരിച്ചു വെള്ളയിൽ പൊലീസ് അന്വേഷണം തുടരുന്നു. അപകടം വരുത്തിയ കടുംനീല ആഡംബര കാർ 2 വർഷം മുൻപ് സംസ്ഥാനത്ത് എത്തിയതാണെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇപ്പോഴും ഉടമസ്ഥാവകാശമെന്നും കണ്ടെത്തി. എന്നാൽ കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തപ്പോൾ 7 മാസം മുൻപാണ് ഈ കാർ കേരളത്തിൽ എത്തിച്ചതെന്നാണ് പറഞ്ഞത്.‌

അപകട സമയത്ത് ഒപ്പം സഞ്ചരിച്ച കറുത്ത ആഡംബര കാറിലെ ഡ്രൈവർ തലക്കുളത്തൂർ സ്വദേശി എടശ്ശേരി വീട്ടിൽ റഹീസി(25)നോട് പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാർ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് യഥാർഥ ഉടമയെ കേരളത്തിൽ എത്തിക്കാനാണു പൊലീസ് ശ്രമം. കസ്റ്റഡിയിലെടുത്ത ആഡംബര കാറിനു 2.40 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ ഡ്രൈവൺ ബൈ യു മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വാഹനം.

തെലങ്കാനയിൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ‘ടിഎസ് 9 യുഎ 9’ എന്ന നമ്പർ നിലവിൽ അസാധുവാണ്. ഇതാണ് അപകട സമയത്തു പ്രദർശിപ്പിച്ചത്. വാഹനത്തിനു ഇൻഷുറൻസ് പരിരക്ഷയുമില്ല. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന വാഹനം സംസ്ഥാനത്തു റജിസ്ട്രേഷൻ നടത്തി നികുതി അടയ്ക്കണം. എന്നാൽ 2 വർഷമായി കേരളത്തിൽ എത്തിയിട്ടും റജിസ്ട്രേഷൻ നടത്തിയില്ലെന്നു പൊലീസ് കണ്ടെത്തി. ഉടമ വരും വരെ കാർ പൊലീസ് യാഡിൽ സൂക്ഷിക്കും.

error: Content is protected !!