
newsdesk
കൊയിലാണ്ടി : കൊയിലാണ്ടി വി ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം അപൂർവ്വ ശസ്ത്രക്രിയ നടന്നു. കണ്ണിൽ അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണിൽ നിന്ന് ഡൈറോഫൈലേറിയ എന്ന വിരയെ ഡോക്ടർമാർ വിദഗ്ദമായി പുറത്തെടുത്തു. മനുഷ്യരിൽ മന്ത് രോഗമുണ്ടാക്കുന്ന ഫൈലേറിയ വിരകളുടെ കൂട്ടത്തിലുള്ളതാണെങ്കിലും ഇവ, സാധാരണ മൃഗങ്ങളെയാണ് ബാധിക്കാറുള്ളത്, എന്നാൽ വളരെ അപൂർവ്വമായി ഇവർ മനുഷ്യരെയും ബാധിക്കാറുണ്ട്. വി ട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സ തേടി എത്തിയ രോഗിയുടെ കണ്ണിൽ നിന്ന്, ഡോക്ടർമാരായ ലിമ വിജയനുണ്ണി ,മോഹിത മോഹൻ എന്നിവർ ചേർന്നാണ് വിരയെ പുറത്തെടുത്തത്. ഡൈറോ ഫൈലേറിയ വേം ഇൻ ദി ഐ” എന്നാണ് വിരകൾ കണ്ണിൽ കാണുന്നതിന് വൈദ്യശാസ്ത്ര രംഗത്ത് പൊതുവേ പറയപ്പെടുന്നത്. മന്ത് രോഗത്തിന് കാരണക്കാരായ വിരകളുടെ കൂട്ടത്തിലുള്ളതാണെങ്കിലും ഇവ മന്ത് രോഗം ഉണ്ടാക്കില്ല. കൊതുകിന്റെ ശരീരത്തിൽ വളർച്ചയുടെ രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കുന്ന ഡൈറോ ഫൈലേറിയ മൂന്നാം ഘട്ട വളർച്ചയാണ് മനുഷ്യശരീരത്തിൽ സാധ്യമാക്കുന്നത്.
സാധാരണ വളർത്തു മൃഗങ്ങളിൽ കാണപ്പെടുന്ന വിരകൾ വളരെ വിരളമായാണ് മനുഷ്യ ശരീരത്തെ ആക്രമിക്കുന്നത്. മനുഷ്യ ശരീരത്തിൽ ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നീ അവയവങ്ങളിലാണ് കാണപ്പെടാറുള്ളത്. ഒരു തവണ കൊതുക് കടിച്ചാൽ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു . “ഈ വിരകൾ ശരീരത്തിൽ എവിടെയും കയറാം. കണ്ണിലായത് കൊണ്ടാണ് നമുക്ക് കാണാനായത്. ഇപ്പോൾ ശ്വാസകോശത്തിലോ മറ്റോ ആയിരുന്നെങ്കിൽ ശക്തമായ വിറയലും പനിയും അങ്ങിനെ പല ലക്ഷണങ്ങളും കാണാം. ത്വക്കിലാണെങ്കിലും അവിടെയും അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഈ രണ്ടിടത്തും വിരകളെ കണ്ടെത്തണമെങ്കിൽ വിശദമായ പരിശോധനകൾ നടത്തേണ്ടി വരും. സ്ലിറ്റ് ലാംപ് മൈക്രോ സ്കോപ് ,അൾട്രാ സൗണ്ട് സ്കാനിംഗ് എന്നിവയുടെ സഹായത്തോടെ ആണു കണ്ണിലെ വിരയെ കാണാൻ സാധിച്ചത് . കണ്ണിന്റെ താഴത്തെ കൺപോളക്കുള്ളിൽ ഒരു മുഴക്കുള്ളിലായിട്ടായിരുന്നു വിരയുടെ സാന്നിധ്യം ഉണ്ടായിരുന്നത് .അതിനാൽ തന്നെ കാഴ്ചയെ ബാധിക്കാതെ വിരയെ പുറത്തെത്തിക്കാൻ സാധിച്ചു. കൃഷ്ണമണിയ്ക്ക് അകത്തായിരുന്നു വിര ഉണ്ടായിരുന്നതെങ്കിൽ കാഴ്ചയെ തന്നെ ബാധിച്ചേനെയെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു