
Web Desk
കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. കോവിഡ് മഹാമാരിയിൽ തളർന്ന രാജ്യത്തിന് ഉത്തേജനമാകുന്ന നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ.തുടർച്ചയായി നാലാം വർഷമാണ് നിർമല ബജറ്റ് അവതരിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റാകും നരേന്ദ്ര മോദി സർക്കാർ അവതരിപ്പിക്കുകയെന്നാണു നിഗമനം. കാർഷിക മേഖലയ്ക്കും വലിയ വിഹിതം മാറ്റിവയ്ക്കാനാണു സാധ്യത.
അടുത്ത സാമ്പത്തികവർഷം 8 മുതൽ 8.5% വരെ വളർച്ചയാണു സാമ്പത്തിക സർവേ പ്രവചിക്കുന്നത്. സാമ്പത്തികമേഖലയിലെ മൊത്തത്തിലുള്ള ചലനങ്ങൾ കോവിഡിനു മുൻപുള്ള അവസ്ഥയെക്കാൾ മെച്ചപ്പെട്ടു വരുന്നതായും നിർമല സീതാരാമൻ പാർലമെന്റിൽ വച്ച സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കോവിഡിന്റെ ആഘാതത്തിൽ 2020–21ൽ വളർച്ചാനിരക്കിൽ 7.3% ഇടിവുണ്ടായെങ്കിലും ഈ സാമ്പത്തികവർഷം 9.2 ശതമാനത്തിന്റെ വളർച്ചയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.